27
Aug 2024
Sun
27 Aug 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് കൂട്ടായി ഡോഗ് സ്‌ക്വാഡുകള്‍. കരസേന, പൊലീസ്, തമിഴ്‌നാട് അഗ്‌നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും മനുഷ്യർക്ക് ഒപ്പം കര്‍മരംഗത്തുള്ളത്.
പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡോഗ് സ്‌ക്വാഡിന്റെ തെരച്ചില. യന്ത്രങ്ങള്‍ എത്തിച്ചേരാന്‍ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിന്‍ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം ഇന്നലെ ഉപയോഗപ്പെടുത്തിയത്.
ദുരന്തമുണ്ടായത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് അണി ചേര്‍ന്ന ശ്വാനസേനയുടെ സഹായത്താല്‍ ആണ് മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായത്. പ്രതികൂലമായ കാലാവസ്ഥയെയും ദുര്‍ഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകള്‍ക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയില്‍ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ മായ, മര്‍ഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ എയ്ഞ്ചല്‍ എന്ന നായയും ജോലിയിലുണ്ട്.

മൃതദേഹങ്ങള്‍ തിരയാനും അപകടത്തില്‍ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മുണ്ടക്കൈയില്‍ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് ശ്വന സേനയുടെ സഹായത്തോടെ കണ്ടെത്തിയത്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകള്‍ സൂചന നല്‍കുക. മറ്റു ചിലപ്പോള്‍ രണ്ടു കൈകള്‍ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നല്‍കുന്നവയുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ മനസിലാക്കുന്ന പരിശീലകര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരുക. . കൊക്കയാര്‍, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങളിലും കേരള പോലീസിനു ഡോഗ് സ്‌ക്വാഡുകള്‍ ഏറെ സഹായകമായിട്ടുണ്ട്.

വളര്‍ത്തുമൃഗങ്ങൾക്ക് വേണ്ടി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം 

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി control room തുറന്ന്.

ദുരന്തത്തിൽ പരിക്കേറ്റ മൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഏറ്റെടുക്കാന്‍ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏല്‍പ്പിക്കും. ചൂരല്‍മലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകര്‍ഷകരുടെ പേര്  കൃത്യമായി രേഖപ്പെടുത്തും. നിലവില്‍ മൃഗങ്ങള്‍ക്ക്  ഭക്ഷണം, ജലം എന്നിവ NGO വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരല്‍മല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്‌പെഷ്യല്‍ ഡിഫെന്‍സ് ഗ്രൂപ്പിനും കൈമാറിയിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളില്‍ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് തുടര്‍നടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടറും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലന്‍സില്‍ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. രാജേഷ് അറിയിച്ചു.