|
വാഷിങ്ടൺ: തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിന് പണം നൽകിയ കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിൽ. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടപടി. ഇതോടെ ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.
കനത്ത സുരക്ഷയിലാണ് ട്രംപ് മൻഹാറ്റൻ കോടതിയിൽ എത്തിയത്. കോടതിയുടെ 15ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികൾ. കുറച്ചുപേർക്ക് മാത്രമേ ഇവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചത്.
മാൻഹാട്ടൻ ജില്ലാ അറ്റോർണിയുടെ നേതൃത്വത്തിൽ അഞ്ചുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നേരത്തെ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റപത്രത്തിൽ ചുമത്തിയ വിവിധ കുറ്റങ്ങൾ എന്തെന്ന് പഠിച്ചശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷകരുടെ തുടർനീക്കം. ട്രംപിനെതിരെ കുറ്റം ചുമത്തിയ മാൻഹാട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിനെതിരെ രൂക്ഷമായ ആക്രമണമാണ് ട്രംപും അനുയായികളും നടത്തുന്നത്.
2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് ട്രംപ് നീലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളർ നൽകിയെന്ന കേസിലാണ് കുറ്റം ചുമത്തിയത്. രാഷ്ട്രീയ വൈരം തീർക്കാനായി കെട്ടിച്ചമച്ചതാണ് കേസെന്നാണ് ട്രംപിന്റെ വാദം. കുറ്റം ചുമത്തപ്പെട്ടതുകൊണ്ട് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ തടസ്സമില്ലെങ്കിലും പാർടിയിലെ എതിരാളികൾ ട്രംപിനെതിരെ കേസ് ആയുധമാക്കിയേക്കും.


