തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ അവധി കഴിഞ്ഞ് ഇന്ന് ഓഫീസില്‍ തിരിച്ചെത്തും. ഡിഎംഇ നല്‍കിയ വിശദീകരണ നോട്ടീസിന് ഇന്ന് ഹാരിസ് മറുപടി നല്‍കും. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാറും നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ദുരൂഹത തുടരുകയാണ്.
|
ആരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. ഗുരുതര ആരോപണം ഉന്നയിക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്നതിലും ദുരൂഹതയുണ്ട്. ഹാരിസിനെ കുടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിട്ടില്ല.
ആശുപത്രിയില്‍ നിന്ന് കാണാതായെന്ന് പറയുന്ന ഉപകരണം ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന ഗുരുതര ആരോപണം കഴിഞ്ഞ ദിവസം ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയതില്‍ അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഡോ. ഹാരിസിന്റെ മുറിയില്‍ ആരോ കയറിയതായി സംശയിക്കുന്നുവെന്നും ഡോ. ജബ്ബാര്‍ പറഞ്ഞിരുന്നു.
എന്നാല്‍, തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് മുറിയില്‍ ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കല്‍ കെജിഎംസിടിഎ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചു.
ആരോഗ്യ മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍ ഇന്ന് പ്രതികരിച്ചു. തന്റെ കൂടെ നിന്നയാളാണ് മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവര്‍ക്ക് നെഫ്രോസ്‌കോപ്പും മോസിലോസ്‌കോപ്പും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. സത്യം പറഞ്ഞാല്‍ എനിക്കും ഡെലിവറി ചെലാന്‍ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല.
പ്രിന്‍സിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല.
ആര്‍ക്കുവേണമെങ്കിലും എന്റെ മുറിയില്‍ കയറാവുന്നതാണ്. മുറിയില്‍ ഒരു രഹസ്യവുമില്ല’, ഹാരിസ് പറഞ്ഞു.


