തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. ആദ്യ പരിശോധനയില്‍ കാണാത്ത ഒരു പെട്ടി കൂടി പിന്നീട് കണ്ടെന്നും ഹാരിസിന്റെ മുറിയില്‍ ആരോ കയറിയതായി സംശയമുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
|
ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്കോപ്പ് കണ്ടെത്തി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. ഡോ. ഹാരിസ് ഒരു വിഷയം ഉന്നയിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വലിയ വിവാദമാകുകയും അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതി അന്വേഷിച്ച് ശുപാര്‍ശകള്‍ നല്കി. യൂറോളജി വിഭാഗത്തില്‍ ഒരു ഉപകരണം കാണാനില്ലെന്ന കാര്യവും സമിതി ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡിഎംഇയുടെ നേതൃത്വത്തില്‍ പലയിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വകുപ്പു മേധാവിയുടെ മുറിയില്‍ പരിശോധന നടത്തണമെന്ന് പറഞ്ഞതനുസരിച്ച് പ്രിന്‍സിപ്പലായ ഞാന്‍ അവിടെ പരിശോധന നടത്തുകയും ഉപകരണം കാണുകയും ചെയ്തു. ആ ഉപകരണത്തെക്കുറിച്ച് എനിക്ക് വലിയ ധാരണ ഇല്ലാത്തതിനാല്‍ ഇന്നലെ വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും ഡോ. ഹാരിസിന്റെ ഓഫിസില്‍ പരിശോധന നടത്തി.
ഡോ.സാജു, ഡോ.ടോണി എന്നിവരും ഡിഎംഇ പോലെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അതിനിടെ ഒരു സംശയം തോന്നി അടുത്തിരുന്ന ബോക്സ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ ചില ബില്ലുകള്‍ കണ്ടെത്തി. തലേന്ന് ആ ബോക്സ് അവിടെ ഉണ്ടായിരുന്നില്ല. അസ്വാഭാവികത തോന്നിയതിനാല്‍ കൂടുതല്‍ പരിശോധന നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കണമെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കൊറിയര്‍ ബോക്സ് പോലെയുള്ള ഒന്നായിരുന്നു പുതുതായി കണ്ടെത്തിയത്. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്റേതായിരുന്നു ബില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ ആരോ കയറി എന്ന സംശയം തോന്നിയതായും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ബലപ്പെട്ടു. ചില അടയാളങ്ങള്‍ കണ്ടിരുന്നു. സംഭവം വിശദമായ പരിശോധിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
തന്റെ മുറി മറ്റൊരു താഴിട്ടു പൂട്ടിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണത്തിനു മറുപടിയായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ രംഗത്തെത്തിയത്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന പരാതിയാണ് ഡോ. ഹാരിസ് ഉന്നയിച്ചത്. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ന്നത്.


