കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ (CMO) നിര്‍ണ്ണായകമായ പുനസംഘടനകള്‍ക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെ നിയമിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയത്.
|
1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്ത, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ റോള്‍ ഒബ്സര്‍വറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വോട്ടര്‍മാരെ വെട്ടനീക്കിയ എസ്‌ഐആര്‍ നടപടികളില്‍ മുഖ്യ പങ്കു വഹിച്ചിരുന്നയാളാണ് സുബ്രത ഗുപ്ത.
ബിജെപി വിരുദ്ധ വോട്ടുകളാണ് വെട്ടിമാറ്റപ്പെട്ടവയില്‍ ഭൂരിഭാഗവുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതിനിടയിലാണ് അദ്ദേഹത്തെ പുതിയ സര്‍ക്കാരില്‍ സുപ്രധാന ചുമതല നല്‍കിയിരിക്കുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയാണ് ഇതെന്ന് പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചു.
എന്നാല്‍, ഭരണരംഗത്തെ അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചയം നയരൂപീകരണത്തിലും ഏകോപനത്തിലും പുതിയ സര്‍ക്കാരിന് കരുത്താകുമെന്നാണ് ബിജെപി പറയുന്നത്.
ശാന്തനു ബാല (ഐഎഎസ്) മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 2017 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സൗത്ത് 24 പര്‍ഗാനാസിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. നിയമിതരായ രണ്ട് ഉദ്യോഗസ്ഥരോടും അടിയന്തരമായി ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഘടന രൂപീകരിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ സുപ്രധാന നിയമനങ്ങള്‍ കാണപ്പെടുന്നത്.


