കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി ‘അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്’ (APCR) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 4 മുതല്‍ മെയ് 7 വരെയുള്ള കാലയളവില്‍ കുറഞ്ഞത് എട്ട് ജില്ലകളിലായി 34 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
|
കൂച്ച് ബിഹാര്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ ഏഴ് വീതം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് 24 പര്‍ഗാനാസ്, കൊല്‍ക്കത്ത മെട്രോ എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഹൗറയില്‍ നാലും മുര്‍ഷിദാബാദില്‍ മൂന്നും സംഭവങ്ങള്‍ രേഖപ്പെടുത്തി.
അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് എപിസിആര്‍ പറയുന്നത്. കൂച്ച് ബിഹാറിലെ ഗോസാനിമരിയില്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മുസ്ലിം യുവാവ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍, അവരുടെ സ്വത്തുക്കള്‍, പള്ളികള്‍, കന്നുകാലി ചന്തകള്‍, ഇറച്ചി വില്‍പനശാലകള്‍ എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായത്. ഏകദേശം 54 വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും 50-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
മസ്ജിദുകള്‍ തകര്‍ക്കല്‍, വീടുകള്‍ക്ക് നേരെയുള്ള ആക്രമണം, ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂച്ച് ബിഹാറില്‍ മൂന്ന് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.
ഹൗറയിലെ ഡോംജൂരിലുള്ള ആസാദ് ഹിന്ദ് കോളേജില്‍ മുസ്ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് തടഞ്ഞതായും ആരോപണമുണ്ട്.
ബരാസത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ തകര്‍ക്കുകയും ‘എന്‍ പാര മസ്ജിദ് ബാരി റോഡ്’, ‘സിറാജുദ്ദൗള ഉദ്യാന്‍’ തുടങ്ങിയ പേരുകള്‍ മാറ്റാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ബഹിഷ്‌കരണ ശ്രമം
മാംസാഹാര വില്‍പനയെയും കടത്തലിനെയും ലക്ഷ്യം വെച്ചും ആക്രമണങ്ങള്‍ നടന്നു. ഹൗറ, കൊല്‍ക്കത്ത, സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ കന്നുകാലി ചന്തകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചു. ബിജെപി ജയത്തിന് പിന്നാലെ നടന്ന പല ഘോഷയാത്രകളിലും വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ നിയന്ത്രണങ്ങള്‍ ഉള്ളതോ ആയ പ്രാദേശിക വിവരങ്ങള്‍ സമാഹരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എപിസിആര്‍ അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് ശത്രുതാപരമായ അന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
34 incidents of violence in West Bengal after BJP win





