25
Jan 2024
Thu
25 Jan 2024 Thu

തൃശൂര്‍: 1630 കോടി രൂപയുടെ മണിച്ചെയിന്‍ തട്ടിപ്പു നടത്തിയ ഹൈ റിച്ച് കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ ഡി പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഒന്നര ദിവസത്തോളം നീണ്ട റെയ്ഡിനൊടുവിലാണ് സ്വത്ത് ഇവരുടെ സ്വത്ത് കണ്ടുകെട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി നൂറു കോടി രൂപയുടെ കള്ളപ്പണമിടപാട് ദമ്പതികള്‍ നടത്തിയെന്ന് ഇഡി കണ്ടെത്തി. ഹൈറിച്ച് കമ്പനി 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ചേര്‍പ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 100 കോടി രൂപ ഹവാല വഴി ദമ്പതികള്‍ വിദേശത്തേക്കു കടത്തിയതിനെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.

നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ 4 ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണ് പോയത്. ഹൈറിച്ച് കമ്പനിയുടെ പേരിലും കെ.ഡി. പ്രതാപന്‍, ശ്രീന എന്നിവരുടെ പേരിലുമായിരുന്നു ഈ അക്കൗണ്ടുകള്‍. പലചരക്ക് ഉല്‍പന്നങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചാണു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞദിവസം ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞ് പ്രതാപനും ശ്രീനയും മുങ്ങിയിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും കലൂരിലെ പ്രത്യേക കോടതിയെ സമീപിക്കുകയും ചെയ്തു. നേരത്തേ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ഹൈറിച്ച് കമ്പനി നടത്തിയതായി കണ്ടെത്തിയിരുന്നു.