30
Aug 2023
Wed
30 Aug 2023 Wed

22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് അവസാനിച്ചു; രാഷ്ട്രീയ അജണ്ടയെന്ന് എ.സി മൊയ്തീന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: മുന്‍ മന്ത്രിയും കുന്നംകുളത്തെ സി.പി.എം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വീട്ടില്‍ ഇന്നലെ ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. 22 മണിക്കൂറോളം നീണ്ടുനിന്ന പരിശോധന ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവസാനിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. റെയ്ഡിന്റെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് എംഎല്‍എയുടെ വീട്ടിലെത്തിയത്. കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരടക്കം സംഘത്തിലുണ്ടായിരുന്നു. മൊയ്തീന്റെ ഭാര്യ സുബൈദ ബീവിയും മകള്‍ ഡോ. ഷീബയും വീട്ടിലുണ്ടായിരുന്നു. ഇവരുടെയും ബാങ്ക് രേഖകളടക്കം പരിശോധിച്ചിട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു ബിസിനസുകാരുടെ വീട്ടിലും റെയ്ഡുണ്ടായിരുന്നു.

മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് റെയിഡ് ആരംഭിച്ചത്. കരുവന്നൂര്‍ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നും വീട് പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ്ണമായി താനതിനോട് സഹകരിച്ചെന്നും മൊയ്തീന്‍ പറഞ്ഞു. ക്രമരഹിതമായി വായ്പ കൊടുക്കാന്‍ ഞാന്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും റെയ്ഡിന് ശേഷം മൊയ്തീന്‍ പറഞ്ഞു. ഇഡി പരിശോധന അഡണ്ടയുടെ ഭാഗമാണെന്നാണ് മൊയ്തീന്റെ പ്രതികരണം. എല്ലാ രേഖകളും പരിശോധിച്ചു. വീടിന്റെ മുക്കും മൂലയും തെരഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കും ഭയപ്പെട്ട് നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.