രാജ്യവ്യാപകമായി പ്രത്യേക തീവ്ര പുനരവലോകനം(എസ്‌ഐആര്‍) നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്ന നടപടികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
|
ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ ഒരു വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
വോട്ടര്‍മാരെ പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.


