16
Mar 2025
Sat
16 Mar 2025 Sat
empuraan re sensoring

എമ്പുരാന് റീസെന്‍സറിങ് നടത്താന്‍ സെന്‍സര്‍ ബോര്‍ഡ് ഒരുങ്ങുന്നതായി റിപോര്‍ട്ട്. (Empuraan re-censoring; Will controversial parts be removed?) വിവാദ ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വീണ്ടും പരിശോധിക്കുന്നതായാണ് വിവരം. സിനിമക്കെതിരായ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ വിവാദ രാഷ്ട്രീയ ഭാഗങ്ങള്‍ നീക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ, രാഷ്ട്രീയ ലോകം.

ALSO READ:  ‘എമ്പുരാന്‍ ഓര്‍മപ്പെടുത്തുന്നത് ഫാസിസം കുഴിച്ചു മൂടാന്‍ ആഗ്രഹിക്കുന്ന ഒരു വംശഹത്യയുടെ ചരിത്രം’

അതേസമയം, സിനിമക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. പ്രിഥ്വി രാജിന്റെ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ടയാണ് സിനിമയിലൂടെ പുറത്തുവന്നതെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.

കട്ട് നിര്‍ദേശിച്ചത് രണ്ടു ഭാഗങ്ങള്‍ക്കു മാത്രം
ചൂടേറിയ വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ് വിവരങ്ങള്‍ പുറത്ത്. എമ്പുരാന്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് ‘കട്ട്’ നിര്‍ദേശിച്ചത് രണ്ടുഭാഗങ്ങള്‍ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിട്ടുള്ള സെന്‍സര്‍ ബോര്‍ഡാണ് രണ്ടുഭാഗങ്ങള്‍ മാത്രം സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നതായിരുന്നു എമ്പുരാനില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യത്തെ നിര്‍ദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാനും നിര്‍ദേശിച്ചു. സെന്‍സറിങ്ങിനിടെ ഈ രണ്ടുഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ‘കത്രിക’ വെച്ചത്.

മാര്‍ച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്‍’ സിനിമയ്ക്കെതിരേ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

പല ബിജെപി പ്രവര്‍ത്തകരും സിനിമയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.

എന്നാല്‍, സിനിമയെപ്പറ്റി പ്രചാരണചര്‍ച്ച വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. എമ്പുരാന്‍ എന്നല്ല ഒരുസിനിമയെയും ബിജെപി എതിര്‍ക്കുന്നില്ലെന്ന് കഴിഞ്ഞദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സെക്രട്ടറി എസ്.സുരേഷ് എന്നിവര്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് എം.ടി.രമേശിന്റെയും പ്രതികരണം.