കണ്ണൂര്‍: പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു എന്ന ആരോപണവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഈസ്റ്റർ ദിനത്തിലെ ഇടയലേഖനത്തിലാണ് പാംപ്ലാനിയുടെ വിദ്വേഷ പ്രചരണം. യാത്രകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കണക്കാക്കുന്ന കഴുകൻ കണ്ണുകൾ പെരുകുന്നത് അപകടകരമാണ്. പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പാംപ്ലാനി അവകാശപ്പെട്ടു.
|
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ അവകാശം ഉറപ്പുവരുത്തണം. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പാംപ്ലാനി പറഞ്ഞു. ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രിംകോടതി വിധി നമ്മുടെ സമുദായവും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
നേരത്തെയും ഇത്തരത്തിൽ വ്യാജ-വിദ്വേഷ പ്രചരണവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടന ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. ലൗ ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ടെന്നും ബിഷപ്പായി ചുമതലയേറ്റതിനു പിന്നാലെ കഴിഞ്ഞവർഷം ഏപ്രിൽ 19ന് പാംപ്ലാനി ആരോപിച്ചിരുന്നു.
തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നെന്നും ബിഷപ്പ് പറഞ്ഞിരുന്നു. സംഘ്പരിവാർ സംഘടനകളുടെ മുസ്‌ലിം വിരുദ്ധ വ്യാജ-വിദ്വേഷ പ്രചരണം ഏറ്റുപിടിച്ചുള്ള ബിഷപ്പിന്റെ വാദങ്ങൾ വിവാദമായിരുന്നു.
അടുത്തിടെ ബിജെപിയെ പിന്തുണച്ചും പാംപ്ലാനി രംഗത്തെത്തിയിരുന്നു. റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ എംപിമാർ ഇല്ലെന്ന ദുഃഖം സഭ മാറ്റിത്തരും എന്നായിരുന്നു കണ്ണൂരിൽ നടന്നൊരു പരിപാടിയിൽ പാംപ്ലാനി പ്രസംഗിച്ചത്. ഇത് വിവാദമായെങ്കിലും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ബിഷപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു.





