22
Aug 2024
Sat
22 Aug 2024 Sat
ep jayarajan

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. ( EP Jayarajan was removed from the post of LDF convenor) ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി തിരുവനത്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിക്ക് വിനയായത്. ദല്ലാള്‍ നന്ദകുമാര്‍ കൂടി ഉള്‍പ്പെട്ട കൂടിക്കാഴ്ച വിവാദം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍.

ALSO READ: കോഴിക്കോട് സ്വദേശിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് രഞ്ജിത്തിനെതിരെ പുതിയ കേസ്, നഗ്നഫോട്ടോ അയച്ചതിന് IT വകുപ്പും

സി.പി.എം നേതാവ് ടി.പി രാമകൃഷ്ണന് പകരം ചുമതല നല്‍കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയെ നീക്കിയ വിവരം സി.പി.എം റിപ്പോര്‍ട്ട് ചെയ്യും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരിക. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാന്‍ മുന്നണിയോഗം തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ശോഭ സുരേന്ദ്രനാണ് ആദ്യം വെളിപ്പെടുത്തിയത്. ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാള്‍ നന്ദകുമാര്‍ സ്ഥിരീകരിച്ചു. പിന്നാലെ ഇക്കാര്യത്തില്‍ ജയരാജന്‍ വിശദീകരണം നല്‍കിയിരുന്നു.

പ്രകാശ് ജാവ്‌ദേക്കറെ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഇ.പിക്ക് ഉള്‍ക്കൊള്ളാനായില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ധൃതിപ്പെട്ടുള്ള തീരുമാനം എന്നാണ് അറിയുന്നത്.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കാണ് തിരിതെളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക