ഡോര്‍ട്ട്മുണ്ട്: 90ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍.(Euro cup 2024: England vs Netherlands match live update) നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിലെത്തുന്നത്.
|
ആദ്യ സെമിയില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് (2-1) സ്‌പെയിന്‍ ഫൈനല്‍ ഉറപ്പിച്ചത്. ആറാം തവണയാണ് ഡച്ചുകാര്‍ യൂറോ കപ്പ് സെമിയില്‍ പുറത്താകുന്നത്. നായകന്‍ ഹാരി കെയിനും (18ാം മിനിറ്റില്‍, പെനാല്‍റ്റി) ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. സാവി സിമോണ്‍സാണ് നെതര്‍ലന്‍ഡ്‌സിനായി ഒരു ഗോള്‍ മടക്കിയത്. പിന്നാലെ മത്സരം അധികസമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ ഗോളില്‍ ഒലി വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഈ യൂറോയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മനോഹരമായ ആദ്യ പകുതിയാണ് ഡച്ചുകാര്‍ക്കെതിരെ കളത്തില്‍ കണ്ടത്. ഫില്‍ ഫോഡന്‍ ഫോമിലേക്കുയര്‍ന്നത് ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ബുകായോ സാകയും ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തിന് നേതൃത്വം നല്‍കി.
തുര്‍ക്കിക്കെതിരായ ക്വാര്‍ട്ടറില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാള്‍ഡ് കോമാന്‍ നെതര്‍ലന്‍ഡ്സിനെ കളത്തിലിറക്കിയത്. സ്റ്റീവന്‍ ബെര്‍ഗ്വിന് പകരം ഡോണ്‍യെല്‍ മാലെന്‍ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് മാര്‍ക് ഗുഹി തിരിച്ചെത്തിയപ്പോള്‍ എസ്രി കോന്‍സയ്ക്ക് സ്ഥാനം നഷ്ടമായി.
കോഡി ഗാക്‌പോ, സിമോണ്‍സ് എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ഡച്ചുകാരുടെ നീക്കങ്ങളെല്ലാം. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ഡെക്ലാന്‍ റൈസില്‍നിന്ന് പന്തു തട്ടിയെടുത്ത് മുന്നേറി സാവി സിമോണ്‍സ് ബോക്‌സിനു തൊട്ടുമുന്നില്‍നിന്ന് തൊടുത്ത ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെയും കീഴ്‌പ്പെടുത്തി വലയില്‍. ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ഉണര്‍ന്നു കളിച്ചു.
14ാം മിനിറ്റില്‍ സാക്കയുടെ മുന്നേറ്റത്തിനിടെ ലഭിച്ച പന്തില്‍ നിന്ന് ഒരു വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്നിനെതിരായ ഡെന്‍സെല്‍ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. ഏറെ നേരത്തേ വാര്‍ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ന്‍ 18-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പന്തിന്റെ ദിശയിലേക്ക് തന്നെ ഡച്ച് ഗോള്‍ കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രഗ്ഗന്‍ ചാടിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 36ാം മിനിറ്റില്‍ പരിക്കേറ്റ മെംഫിസ് ഡിപേയെ തെതര്‍ലന്‍ഡ്‌സിനു പിന്‍വലിക്കേണ്ടിവന്നു. പകരം ജോ വീര്‍മനാണ് കളത്തിലെത്തിയത്.
പന്ത് കൈവശംവെച്ച് കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ശ്രമിച്ചത്. ഡച്ച് ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റില്‍ വാന്‍ഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്ഫോര്‍ഡ് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ കാത്തു.
പിന്നാലെ 79-ാം മിനിറ്റില്‍ ഫോഡനും കൈല്‍ വാക്കറും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാല്‍ക്കര്‍ ഓഫ്സൈഡായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച് ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിര്‍ണയിച്ചത്. ഗോള്‍ ലക്ഷ്യമിട്ട് ഫോഡനെയും കെയ്നിനെയും പിന്‍വലിച്ച് കോള്‍ പാല്‍മറെയും ഒലി വാറ്റ്കിന്‍സിനെയും കളത്തിലിറക്കി.
മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് പകരക്കാരന്‍ ഓലി വാക്കിന്‍സ് ഇംഗ്ലണ്ടിന്റെ രക്ഷകനാകുന്നത്. മറ്റൊരു പകരക്കാരന്‍ പാള്‍മറാണ് ഗോളിന് വഴിയൊരുക്കിയത്. താരം ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്ത് ഒരു കിടിലന്‍ ഷോട്ടിലൂടെ വാറ്റ്കിന്‍സ് വലയിലെത്തിച്ചു. 2-1 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് ഫൈനലിലേക്കും.


