12
Jul 2024
Mon
12 Jul 2024 Mon
England vs Slovakia

ഷാല്‍ക്കെ: ഇറ്റലിക്ക് പിന്നാലെ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും പുറത്തേക്കെന്നറുപ്പിച്ച നിമിഷത്തിലാണ് ആ ഗോള്‍ പിറന്നത്.(Euro cup 2024: Spain and England enters quarter)  യൂറോകപ്പ് പ്രീ ക്വാര്‍ട്ടറിന്റെ അവസാന സെക്കന്റുകളിലായിരുന്നു ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലേക്ക് പിടിച്ചുകയറ്റിയ യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോള്‍ പിറന്നത്. എക്സ്ര്ടാ ടൈമില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ജയമുറപ്പിച്ച ഗോള്‍ നേടിയത്്. സ്ലൊവാക്യന്‍ പോര്‍വീര്യത്തിന് മുന്നില്‍ വിറച്ച് പോയ ഗാരത് സൗത്ത്‌ഗേറ്റ് സംഘത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിള്‍ കിക്ക് ഗോളാണ് ഇംഗ്ലീഷുകാരെ പുറത്താവലിന്റെ വക്കില്‍നിന്ന് രക്ഷിച്ചെടുത്തത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ലഭിച്ച കോര്‍ണറാണ് ഗോളിലേക്ക് വഴിതുറന്നത്. കോള്‍ പാല്‍മര്‍ എടുത്ത കിക്ക് മാര്‍ക് ഗുവേഹിയുടെ തലയില്‍ തട്ടി ബോക്‌സില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ അതിമനോഹരമായി ബെല്ലിങ്ഹാം വലയിലാക്കുകയായിരുന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ആദ്യ മിനിറ്റില്‍ തന്നെ ഇവാന്‍ ടോണിയുടെ അസിസ്റ്റില്‍ ഹാരി കെയ്ന്‍ ഉശിരന്‍ ഹെഡറിലൂടെ വിജയഗോളും സമ്മാനിച്ചു.

25ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലൊവാക്യ ലീഡ് പിടിച്ചത്. ഡേവിഡ് സ്‌ട്രെലക്കിന്റെ മനോഹര പാസില്‍ ഇവാന്‍ ഷ്രാന്‍സ് ആയിരുന്നു ഇംഗ്ലീഷ് വലയില്‍ പന്തെത്തിച്ചത്. താരത്തിന്റെ ടൂര്‍ണമെന്റിലെ മൂന്നാം ഗോള്‍ ആയിരുന്നു ഇത്. ഇതോടെ ജര്‍മനിയുടെ ജമാല്‍ മുസിയാലക്കൊപ്പം ടോപ് സ്‌കോറര്‍ പട്ടികയിലും ഇടം പിടിച്ചു.

സ്‌പെയിന്‍ ക്വാര്‍ട്ടറില്‍
Spain vs Georgia

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ജോര്‍ജിയന്‍ വലയില്‍ നാലുതവണ നിറയൊഴിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍. സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ജോര്‍ജിയക്ക് റോഡ്രിയുടെയും ഫാബിയന്‍ ലൂയിസിന്റെയും നികൊ വില്യംസിന്റെയും ഡാനി ഒല്‍മോയുടെയും ഗോളുകളിലൂടെ മറുപടി നല്‍കിയാണ് സ്‌പെയിന്‍ 4-1ന് ജയിച്ചുകയറിയത്. തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ സ്‌പെയിനിനൊത്ത എതിരാളികളാകാന്‍ ഒരു ഘട്ടത്തിലും ജോര്‍ജിയക്കായില്ല.

മനോഹര പാസിങ് ഗെയിമിലൂടെ എതിര്‍ ബോക്‌സിലേക്ക് സ്‌പെയിന്‍ നിരന്തരം കടന്നുകയറിയെങ്കിലും ആദ്യപകുതിയില്‍ എതിര്‍ ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. 18ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി അപ്രതീക്ഷിതമായി സ്പാനിഷ് വലയില്‍ പന്തുമെത്തി. ജോര്‍ജിയന്‍ കൗണ്ടര്‍ അറ്റാക്കിനിടെ കാകബദ്‌സെയുടെ ക്രോസ് തടയാനുള്ള ശ്രമത്തില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.

മത്സരത്തില്‍ 76 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയ സ്‌പെയിന്‍, 35 ഷോട്ടുകള്‍ ഉതിര്‍ത്തുവിട്ടപ്പോള്‍ പതിമൂന്നും വലക്ക് നേരെയായിരുന്നു. ജോര്‍ജിയന്‍ താരങ്ങള്‍ക്ക് അടിക്കാനായത് നാല് ഷോട്ടുകള്‍ മാത്രമാണ്. ക്വാര്‍ട്ടറില്‍ ആതിഥേയരായ ജര്‍മനിയാണ് സ്‌പെയിനിന്റെ എതിരാളികള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക