14
Jun 2024
Sat
14 Jun 2024 Sat
uae visit visa rules and regulations

ദുബൈ: സന്ദര്‍ശക വിസക്കാര്‍ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നത് പതിവായതോടെ യുഎഇ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ( everything-to-know-about-the-grace-period-penalty-and-more-on-uae-visiting-vis )സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവരില്‍ വലിയൊരു വിഭാഗം മലയാളികളാണ്. വിസാ കാലാവധി കഴിഞ്ഞ് തിരിച്ചു പോകാത്തവര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ബാധ്യതയായതോടെയാണ് നിയന്ത്രണം കര്‍ശനമായത്.

whatsapp യുഎഇയില്‍ വിസിറ്റ് വിസക്കാര്‍ക്ക് കര്‍ശന നിയന്ത്രണം; നിബന്ധനകള്‍ പാലിക്കാത്തവര്‍ കുടുങ്ങും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു സന്ദര്‍ശകനെതിരെ ഒളിച്ചോടിയ കേസ് ഫയല്‍ ചെയ്യുമ്പോള്‍ പിഴയ്ക്ക് പുറമേ ട്രാവല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞയാഴ്ചകളില്‍ യുഎഇയിലെയും കേരളത്തിലെയും വിമാനത്താവളങ്ങളില്‍ യുഎഇ സന്ദര്‍ശക വിസക്കാരുടെ മേലുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. കുറഞ്ഞത് 3000 ദിര്‍ഹമോ തത്തുല്യമായ സംഖ്യയുടെ കറന്‍സിയോ, ക്രെഡിറ്റ് കാര്‍ഡോ ഉണ്ടായിരിക്കണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടാതെ, യുഎഇയിലെ താമസ സൗകര്യത്തെക്കുറിച്ചുള്ള വിവരം, അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, സാധുവായ മടക്കടിക്കറ്റ് തുടങ്ങിയവയൊക്കെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്ന് ഇല്ലാത്തവരെ മടക്കിയയക്കുകയും ചെയ്തിരുന്നു.

അധികൃതര്‍ പിടിമുറുക്കിയതോടെ ട്രാവല്‍ ഏജന്‍സികളും പുതിയ വിസകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓരോ ഒളിച്ചോട്ട കേസിനും ട്രാവല്‍ ഏജന്‍സികള്‍ 2,500 ദിര്‍ഹം പിഴയൊടുക്കേണ്ടതുണ്ട്. കൂടാതെ ഏജന്‍സിയുടെ വിസ ക്വാട്ട കുറയുകയും ചെയ്യും.

ഒരാള്‍ ഒളിച്ചോടിയ കേസ് ട്രാവല്‍ ഏജന്‍സിക്ക് ഫയല്‍ ചെയ്യണമെങ്കില്‍ കുറേ കടമ്പകള്‍ കടക്കേണ്ടതുണ്ട്. പിഴ ലഭിച്ചതുമൂലമുള്ള സ്റ്റാറ്റസ് നീക്കം ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും കുറഞ്ഞത് 2,000 ദിര്‍ഹം പിഴയും അധിക അഡ്മിനിസ്‌ട്രേഷന്‍, എക്‌സിറ്റ് ഫീസും അടയ്ക്കുകയും വേണം. 2,000 മുതല്‍ 5,000 വരെയാണ് ഈയിനത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ചെലവാകുന്നത്. പലപ്പോഴും സന്ദര്‍ശക വിസക്കാരന് ഈ തുക നല്‍കാന്‍ സാധിക്കാറില്ലാത്തപ്പോള്‍ ട്രാവല്‍ ഏജന്‍സി തന്നെ നഷ്ടം സഹിക്കേണ്ടി വരുന്നു.

വിസ ഗ്രേസ് പീരിയഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദര്‍ശന വീസക്കാര്‍ കൂടുതല്‍ സമയം താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിസ കാലഹരണ തീയതിക്ക് ശേഷം തുടരാന്‍ 10 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഈ ഗ്രേസ് പീരിയഡ് കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു.

ജോലി അന്വേഷിച്ചെത്തുന്നവരില്‍ ഭൂരിഭാഗവും നാട്ടില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായിരിക്കും വന്നിരിക്കുക. ഇത്തരക്കാര്‍ക്ക് ജോലി ലഭിക്കാതെ തിരികെ പോകുന്നത് ആലോചിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. അതു കൊണ്ടാണ് കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്.

കോവിഡിന് ശേഷമാണ് സന്ദര്‍ശക വീസയില്‍ ജോലി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. എന്നാല്‍ ഇതിന് ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിലവില്‍ വളരെ പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകള്‍ക്കൊഴികെ ജോലി ലഭിക്കുക പ്രയാസമാണ്. ബിരുദക്കാര്‍ പോലും കഫ്റ്റീരിയകളിലും ഗ്രോസറികളിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്‍ജിനീയര്‍മാര്‍ക്ക് പോലും പ്രവൃത്തിപരിചയമില്ലെങ്കില്‍ ജോലി ലഭിക്കുക അപൂര്‍വമാണ്. ലഭിക്കുന്നതോ വളരെ കുറഞ്ഞ ശമ്പളവും. അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനോ ജോലി സാധ്യതയോ ഉറപ്പ് വരുത്താതെ നാട്ടില്‍ നിന്ന് വിമാനം കയറരുതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

\