ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഐ.ഐ.ടി മദ്രാസ് (IIT Madras). പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് ഡീനിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഇടപെട്ടത്.
|
‘ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം, വാങ്ചുകിനും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ’ തുടങ്ങിയ ബാനറുകളേന്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് ഫാക്കല്‍റ്റി അഡൈ്വസര്‍ മുഖേന വീഡിയോകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുത്; ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മുന്നറിയിപ്പ്
അതിനിടെ, ജന്തര്‍ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കരുതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി (DU) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഔദ്യോഗിക ജാഗ്രതാ നിര്‍ദ്ദേശം (Advisory) നല്‍കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ജന്തര്‍ മന്തറിലെ സമരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും, വിലക്ക് ലംഘിച്ച് പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
നിയമനടപടികള്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയും ഭാവിയിലെ തൊഴിലവസരങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് എക്‌സ് (X) പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഓര്‍മ്മിപ്പിച്ചു. കൂടാതെ സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷവും
അഭീജിത് ദിപ്‌കെ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP) എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് സൊനം വാങ്ചുകിന്റെ നിരാഹാര സമരത്തോടൊപ്പം രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്. ജൂലൈ 20-ന് നടന്ന ‘ചലോ സന്‍സദ്’ മാര്‍ച്ചിനിടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
വിദ്യാര്‍ത്ഥി സമരത്തിന് പൂര്‍ണ്ണ പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ (INDIA) മുന്നണി നേതാക്കളും രംഗത്തെത്തി. പരീക്ഷാ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേതാക്കള്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തി. സി.ജെ.പിക്കൊപ്പം പ്രതിപക്ഷവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കുകയാണ്.
IIT Madras asks students to remove Instagram protest videos





