21
Mar 2024
Sat
21 Mar 2024 Sat
expatriate anoop unni nair buried

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ച തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ അനൂപ് ഉണ്ണി നായരുടെ(45) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മരണശേഷം അനൂപ് ഉണ്ണിനായരുടെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യുകയും ഖത്തറില്‍ ചികില്‍സയിലുള്ള മൂന്ന് അപരിചിതരുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം മൃതദേഹം ഉച്ചയ്ക്ക് രണ്ടോടെയാണ് കുന്നത്ത് മങ്ങാട്ടുകര വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ പരസ്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്ന അനൂപ് ഈ മാസം 16ന് ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം ക്യൂബന്‍ ആശുപത്രിയിലും പിന്നീട് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും അനൂപിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അനൂപിന്റെ വൃക്കയും കരളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം നല്‍കുകയായിരുന്നു. ബുധനാഴ്ച ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ അനൂപിന്റെ വൃക്കകള്‍ രണ്ടു പേര്‍ക്കും കരള്‍ മറ്റൊരാള്‍ക്കും വച്ചുപിടിപ്പിച്ചു.

അനൂപിന്റെ വേര്‍പാടിന്റെ ആഘാതത്തിലും ഭാര്യ ദീപ അനൂപും പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ ഐശ്വര്യ അനൂപും അനൂപിന്റെ മാതാപിതാക്കളായ ഉണ്ണി നായരും സീതാ ഉണ്ണിയും അനൂപിന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതം നല്‍കുകയായിരുന്നു. നാട്ടില്‍ നിന്ന് കുടുംബാംഗങ്ങളുടെ സമ്മതപത്രമെത്തിയ ഉടന്‍ ഹമദ് ആശുപത്രിയില്‍ ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചത്.