വയനാട്: ഫെബ്രുവരി 14ന് സഹപാഠിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംപസില്‍ എസ്എഫ്‌ഐ നേതാക്കളുള്‍പ്പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും മൂന്നുദിവസംനീണ്ട ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥനെതിരെ മരണശേഷം കോളജില്‍ പരാതി. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫെബ്രുവരി 18നാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോളജില്‍ പരാതി നല്‍കിയിരിക്കുന്നത്.
|
19നു കോളജില്‍ ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് (ഐസിസി) കൈമാറുന്നത്. സിദ്ധാര്‍ഥന്‍ മരിച്ചിട്ടും കമ്മിറ്റി യോഗം ചേര്‍ന്ന് ഈ പരാതി പരിശോധിക്കുകയുണ്ടായി. ആരോപണവിധേയന്‍ മരിച്ചതിനാല്‍ നോട്ടിസ് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം, കൂട്ടമര്‍ദ്ദനത്തിനെ പ്രതിരോധിക്കാനാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് വ്യക്തമാവുന്നുണ്ട്.
ഫെബ്രുവരി 14 മുതല്‍ 18ന് ഉച്ചവരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നാണ് വിവരം. ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു ക്രൂര മര്‍ദനം. 2 ബെല്‍റ്റുകള്‍ മുറിയുന്നതു വരെ സിദ്ധാര്‍ഥനെ മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മര്‍ദ്ദനം തുടര്‍ന്നു.
അതേസമയം, സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ ഇതുവരെ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, വെറ്ററിനറി കോളജ് യൂനിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂനിയന്‍ അംഗം ആസിഫ് ഖാന്‍ ഉ്ള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സിദ്ധാര്‍ഥനെ മര്‍ദ്ദിക്കുന്നതില്‍ ഇരുപതോളം പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു. മൂന്നുദിവസമായി സിദ്ധാര്‍ഥ് ആഹാരമൊന്നും കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്നും മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ആരോപിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





