ഗൾഫിൽ നിന്ന് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് ഗൃഹനാഥനെയും ഭാര്യയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. കൊമ്പരമുക്ക് സ്വദേശി രമേശൻ(48), ഭാര്യ സുലജ(46), മകൾ രേഷ്മ(23)എന്നിവരാണ് മരിച്ചത്.
|
കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങൾ. വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. ജനൽചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് തീയാളുന്നത് കാണുന്നത്.
വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് അയൽവാസികൾ ഉള്ളിൽ കയറിയെങ്കിലും കിടപ്പുമുറി തുറക്കാനായില്ല. അലമാരയും മറ്റും ചേർത്ത് വച്ച് വാതിൽ തുറക്കുന്നതു തടഞ്ഞിരുന്നു.
രമേശന് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. രമേശൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് കുടുംബം കടുംകൈ ചെയ്തതെന്നാണ് നിഗമനം.



