ആലപ്പുഴ: നാഗ്പൂരില്‍ മലയാളി സൈക്കിൾ പോളോ താരമായ പത്തു വയസുകാരി നിദ ഫാത്തിമയുടെ മരണത്തിൽ നീതി കിട്ടാതെ കുടുംബം. മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും പിതാവ് ഷിഹാബുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വായിക്കുന്നവരുടെ ഉള്ള് പൊള്ളിക്കുന്നതാണ് പിതാവിന്‍റെ വരികള്‍. പൊന്നോമനയുടെ വേർപാടിന്‍റെ മുറിവിൽ നിന്നും അവളുടെ ഉമ്മ ഇതുവരെ മുക്ത ആയിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും അദ്ദേഹം പറയുന്നു.
|
‘അത്യന്തം വ്യസനത്തോടെയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത്. വളരെ ഏറെ അഗ്രഹത്തോടു കൂടി കേരളത്തിനു വേണ്ടി സൈക്കിൾ പോളോ കളിക്കാൻ നാഗ്പൂരിലേക്ക് പോയ എൻ്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടെ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന എൻ്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത്. എൻ്റെ പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽ നിന്നും അവളുടെ ഉമ്മ ഇതുവരെ മുക്ത ആയിട്ടില്ല. മകളെ കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എൻ്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകാൻ കൂടി ഭയമാണ്. നീതിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല’- ഷിഹാബുദ്ദീന്‍ പറയുന്നു.
‘യാത്ര പ്രുറപ്പെട്ട എൻ്റെ മകൾ മരിക്കാനുണ്ടായ യഥാർഥ കാരണം അറിയാൻ എൻ്റെ മനസ് വെമ്പൽ കൊള്ളുകയാണ്. എൻ്റെ മകൾ മരിച്ചിട്ട് മൂന്ന് മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിലാക്കുന്നു. എൻ്റെ മകളുടെ യഥാർഥ മരണകാരണം അറിയാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല. എനിക്കും കുടുംബത്തിനും നീതി ലഭിക്കാൻ എല്ലാ നല്ലവരായ സഹോദരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയെങ്കിലും ശ്രമിക്കുമെന്നാണ് വിശ്വാസം’- ഷിഹാബുദ്ദീന്‍ കുറിച്ചു.
നിദ മരിച്ച് ഇത്രയും നാളായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പുറത്തുവരാത്തതോടെ ദുരൂഹത ശക്തിപ്പെടുകയാണ്. നാഗ്പൂരിലെ ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതാണ് നിദയുടെ മരണത്തിന് കാരണമായതെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. നിദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ഡിസംബര്‍ 22നാണ്, ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഛര്‍ദിയെ തുടര്‍ന്നാണ് നിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിദാ ഫാത്തിമയുടെ മരണ വിവരം എയര്‍പോര്‍ട്ടിലെ ടിവിയിലൂടെയാണ്
പിതാവറിഞ്ഞത്. മകള്‍ അത്യാസന്ന നിലയിലാണെന്നറിഞ്ഞതിനെ തുടര്‍ന്ന് നാഗ്പൂരിലേക്ക് പോകുമ്പോഴാണ് പിതാവ് കുട്ടിയുടെ മരണ വിവരം വിമാനത്താവളത്തിലെ ടിവിയിലൂടെ അറിഞ്ഞത്. ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് ജോലിക്കിടെയാണ് തന്റെ മകള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന ഫോണ്‍ കോള്‍ ലഭിക്കുന്നത്. വിവരമറിഞ്ഞ് ഉടന്‍തന്നെ നാഗ്പൂരിലേക്ക് പോകാന്‍ ഷിഹാബുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. അവിടെവെച്ച് വിമാനം കാത്തിരിക്കുമ്പോളാണ് നിദ മരണപ്പെട്ടെന്ന വാര്‍ത്ത ടിവിയില്‍ കാണുന്നത്.
വാര്‍ത്ത കണ്ടയുടനെ പിതാവ് നിലവിളിച്ച് കരഞ്ഞു. നിദയുടെ മാതാവും സഹോദരനും മരണ വാര്‍ത്ത അറിയുന്നതും വീട്ടില്‍ ഇരുന്ന് ടിവി കാണുന്നതിനിടെയാണ്. സ്‌കൂളിലെ യുട്യൂബര്‍ കൂടിയായിരുന്നു നിദ. ഏറെ പ്രതീക്ഷയോടെയായിരുന്നു കുട്ടി മത്സരത്തിനായി നാഗ്പൂരിലേക്കു പോയത്.
മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയിരുന്നില്ല. കോടതി ഉത്തരവോടെ രണ്ട് ദിവസം മുമ്പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താല്‍ക്കാലിക സൗകര്യങ്ങളിലാണ്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്‍ ടീമിനെ അറിയിച്ചിരുന്നത്.





