പെന്‍സില്‍വാനിയ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. (FBI names Thomas Matthew Crooks as the attacker in the assassination attempt on former President Donald Trump) ശനിയാഴ്ച വൈകീട്ട് പെന്‍സില്‍വാനിയയിലെ റാലിക്കിടയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപിന് നേരെ ആക്രമണമുണ്ടായത്. വെടിയുണ്ട ട്രംപിന്റെ ചെവി തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
|
ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചെവി തുളച്ചശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചോരയൊലിക്കുന്ന ചെവിയില്‍ തൊടുന്നതുമെല്ലാം അദ്ദേഹത്തിന്റെ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

ട്രംപ് സംസാരിക്കുന്നതിന്റെ രണ്ടടി മുന്നിലായി താഴെയാണ് ഡഗ് മില്‍സ് നിന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം മറ്റു മൂന്ന് ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. പെട്ടെന്നാണ് ചില ശബ്ദങ്ങള്‍ ഉയര്‍ന്നതെന്ന് ഡഗ് മില്‍സ് പറയുന്നു. ആദ്യം അതൊരു കാറാണെന്നാണ് കരുതിയത്. പിന്നെയാണ് വെടിയൊച്ചായാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിവച്ചയാള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗം

ട്രംപിനെ വെടിവെച്ചയാളെ സുരക്ഷാസേന സംഭവസ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തി. 20കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ആണ് വെടിവെച്ചതെന്ന് എഫ്ബിഐ വെളിപ്പെടുത്തി. ട്രംപിന്റെ വേദിയില്‍ നിന്ന് 120-150 മീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തിന് മുകളിലാണ് അക്രമിയെന്നാണ് കരുതുന്നത്. വോട്ടര്‍മാരുടെ പട്ടിക പ്രകാരം ട്രംപിന്റെ അതേ പാര്‍ട്ടിയായ റിപബ്ലിക്കനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളയാളാണ് തോമസ് ക്രുക്ക്‌സ്. 2021 ജനുവരി 21ന് ഇയാള്‍ പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് 15 ഡോളര്‍ സംഭാവന നല്‍കിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.


