കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിയ യുവാവിന്റെ കുത്തേറ്റ യുവ ഡോക്ടർ മരിച്ചു. ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനാകുകയും കത്രികകൊണ്ടു ഡോക്ടറെയും പോലീസുകാരെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. കാലിൽ മരുന്ന് വെച്ചതിന് ശേഷം പ്രതി ഡോ. വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു
പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് പ്രകോപനമില്ലാതെ ആശുപത്രിയിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു.
പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ട്.
വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിൽ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.
വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.





