16
Nov 2024
Wed
16 Nov 2024 Wed
film preservation and restoration workshop India 2024 at Trivandrum

തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ & റിസ്റ്റോറേഷന്‍ വര്‍ക്ക്‌ഷോപ്പ് ഇന്ത്യ 2024 (FPRWI 2024) നവംബര്‍ 7 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിന്റെ നേതൃത്വത്തില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (എഫ്എച്ച്എഫ്) ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 7ന് വൈകീട്ട് 5ന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാചരിത്രകാരന്‍ എസ് തിയോടര്‍ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് നവംബര്‍ 14 വരെ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മള്‍ട്ടി പര്‍പ്പസ് കള്‍ച്ചറല്‍ കോംപ്ലക്‌സിലാണ് ശില്‍പശാല നടക്കുക.

സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ പ്രിസര്‍വേഷന്‍, ഫിലിം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍, ഡിജിറ്റൈസേഷന്‍, ഡിസാസ്റ്റര്‍ റിക്കവറി, കാറ്റലോഗിംഗ്, പേപ്പര്‍, ഫോട്ടോഗ്രാഫ് കണ്‍സര്‍വേഷന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുള്‍പ്പെടുന്നതാണ് ശില്പശാല. ക്ലാസുകള്‍ക്ക് ശേഷം റീസ്റ്റോര്‍ ചെയ്ത ലോകസിനിമകളുടെ പ്രദര്‍ശനമുണ്ടായിരിക്കും. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ഥികള്‍, ഓഡിയോ-വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങിയ 67 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ആസ്ത്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.