കല്‍പ്പറ്റ: കന്നിയങ്കത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആവേശം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്ഥമായി പച്ചക്കൊടി പിടിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ ഇത്തവണ റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.
|
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പച്ചക്കൊടിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലീഗിന്റെ കൊടി പിടിക്കുന്നത് ഒഴിവാക്കാന്‍ മുഴുവന്‍ പാര്‍ട്ടികളുടെയും കൊടി ഒഴിവാക്കി പകരം പ്ലക്കാര്‍ഡുകളും വര്‍ണ ബലൂണുകളുമാണ് ഉപയോഗിച്ചത്.

ലീഗിന്റെ പച്ചക്കൊടി പാകിസ്താന്‍ കൊടിയാണെന്ന് പറഞ്ഞ് സംഘപരിവാരം ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇത്തവണ ഉപതിരഞ്ഞെടുപ്പായതിനാല്‍ ഉത്തരേന്ത്യയില്‍ അത്തരമൊരു പ്രചാരണം നടത്താനുള്ള സാഹചര്യമില്ലെന്നത് കണക്കിലെടുത്താണ് കൊടികള്‍ക്ക് അനുമതി നല്‍കിയത്.
ഇത്തവണയും വളരെ ചുരുക്കം കൊടികള്‍ മാത്രമേ റോഡ് ഷോയില്‍ ഉള്ളു. ഭൂരിഭാഗവും പച്ചയും വെള്ളയും ചുവപ്പും വര്‍ണ ബലൂണുകളാണ് കൈയിലേന്തിയിരിക്കുന്നത്.
അതേസമയം, വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ ലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതില്‍ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രിയങ്കയുടെ റോഡ് ഷോയില്‍ സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രിയങ്കയോടൊപ്പം വാഹനത്തിലുണ്ട്. 12:30യോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, ജനത്തിരക്ക് കാരണം മുന്നോട്ട് നീങ്ങാനാവാത്ത സാഹചര്യത്തില്‍ നിശ്ചിത സമയത്ത് പത്രിക സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് പ്രിയങ്കയുടെ റോഡ് ഷോക്കായി എത്തിയത്.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്.


