കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും താമസ കെട്ടിടത്തില്‍ തീപ്പിടിത്തം.(Fire in Kuwait Farwania residential building; 5 dead) ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. സിറിയന്‍ വംശജരായ ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും തൊട്ടടുത്തതാമസക്കാരനായ ഒരു അംഗ പരിമിതനുമാണ് മരിച്ചത്. പരിക്കേറ്റവര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസ തടസം നേരിട്ടാണ് ഇവര്‍ മരണപ്പെട്ടത്.
|
മംഗഫ് തീപ്പിടിത്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം
കുവൈത്തിലെ അല്‍ മംഗഫില്‍ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി എന്‍ബിടിസി കമ്പനി മാനേജ്മെന്റ് 1000 കുവൈറ്റ് ദിനാര്‍ (ഏകദേശം 2.7 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വിതരണം ചെയ്തു. ജൂണ്‍ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 61 ജീവനക്കാര്‍ക്കാണ് അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്തതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇവരില്‍ 54 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. കൂടാതെ, പരിക്കേറ്റ ജീവനക്കാരുടെ മക്കള്‍ക്കായി എന്‍ബിടിസി പ്രത്യേക പഠന സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ എന്‍ബിടിസി അധികൃതര്‍ നേരത്തെ കുവൈത്തിലേക്ക് കൊണ്ടുവന്നിരുന്നു. അവര്‍ ഇപ്പോള്‍ പരിക്കേറ്റ ജീവനക്കാര്‍ക്കൊപ്പമാണ് താമസം.
നിലവില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റെല്ലാവരെയും ആശുപത്രിയില്‍നിന്ന് നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പ്രത്യേകമായി ഏര്‍പ്പെടുത്തിയ ഫ്‌ലാറ്റുകളിലാണ് തുടര്‍ ചികിത്സയുടെ ഭാഗമായി ഇവര്‍ കഴിയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് ജീവനക്കാരെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. പലരും തീപിടിത്തത്തില്‍ പൊള്ളലേറ്റും പുക ശ്വസിച്ചും രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്ന് കൈകാലുകളുടെ എല്ലുകള്‍ പൊട്ടിയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എല്ലാവരും സുഖം പ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.


