റാഞ്ചി: വിവാഹവും സ്വത്തവകാശവും മരണാനന്തര ചടങ്ങുകളും ഉള്‍പ്പെടെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്ന ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ആദ്യമായി നടപ്പിലാവുന്നു. (First Uniform Civil Code in the country; Law to be implemented in Uttarakhand from today) ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലാണ് ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് (യു.സി.സി) നടപ്പിലാവുക.
|
വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാല്‍ പ്രധാനമായും മുസ്ലിംകളുടെ മതപരമായ ആചാരങ്ങളെയാണ് യുസിസി ബാധിക്കുക.
ഉത്തരാഖണ്ഡില്‍ നിലവിലുള്ള സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികള്‍.
ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.
നേരത്തെ തന്നെ ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.
സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദിവാസികളെയും ചില പ്രത്യേക സമുദായങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്.
ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു.സി.സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
ഏക സിവില്‍ കോഡിനെതിരേ ശക്തമായ പ്രതിഷേധവുമായി മുസ്ലിംകള്‍ രംഗത്തുണ്ടെങ്കിലും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏത് മതവിഭാഗക്കാര്‍ക്കും അവരുടെ മതവിശ്വാസ പ്രകാരം ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ അനുഛേദത്തിന്റെ ലംഘനമാണ് ഇതെന്നാണ് മുസ്ലിംകള്‍ വാദിക്കുന്നത്.





