22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയ്‌നര്‍ അറസ്റ്റില്‍. മുംബൈയിലെ ഫിറ്റ്നസ് ട്രെയ്നറും ബോഡി ബിൽഡറുമായ ആദിത്യ അജയ് കപൂറാണ് അറസ്റ്റിലായത്. തെലുങ്ക് സിനിമാ നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മുംബൈ കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് കപൂര്‍ തന്നെ ബലാത്സംഗം ചെയ്തതായി 24കാരിയായ നടിയുടെ പരാതിയിൽ പറയുന്നു.

 

ഒരു പൊതു സുഹൃത്ത് വഴിയാണ് നടിയും ആദിത്യ അജയ് കപൂറും പരിചയപ്പെടുന്നത്. ഈ ബന്ധം ഇരുവരും തുടരുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഇയാൾ നടിയുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‌‌ഇതിനിടെ വിവാഹക്കാര്യം പറഞ്ഞപ്പോൾ അയാൾ ഇത് നിരസിക്കുകയും ശാരീരിക ബന്ധം തുടരണം എന്നാവശ്യപ്പെടുകയും ചെയ്തു- പൊലീസ് പറയുന്നു.

 

നടി ഇതിന് വിസമ്മതിച്ചപ്പോൾ അയാള്‍ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും 2021നും 2022നും ഇടയിൽ പലപ്പോഴായി ഇയാൾ നടിയെ പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

 

പിന്നീട് നടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു- പൊലീസ് വിശദമാക്കി.

 

പരാതിയിൽ എൻഎം ജോഷി മാർ​ഗ് പൊലീസ് സ്റ്റേഷനിനാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും കുറ്റകൃത്യം നടന്നത് കഫെ പരേഡ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

 

ഐപിസിയിലെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവുമാണ് കപൂറിനെതിരെ കേസെടുത്തത്. കേസിൽ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.