Flash flooding in Sumatra ജകാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും തായ്ലന്‍ഡിലും കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്തോനേഷ്യയില്‍ മാത്രം 69 പേര് കൊല്ലപ്പെട്ടു.
|
100ല്‍ ഏറെ പേരെ കാണാതായതായും ദേശീയ ദുരന്ത നിയന്ത്രണ ഏജന്‍സി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മേഖലയില്‍ ശക്തമായ മഴയാണ്. വടക്കന്‍ സുമാത്രയിലെ നദികളെല്ലാം കരകവിഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലധികം വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കൃത്രിമമായി മഴ തടയാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.
ഒരാഴ്ച്ചയായി നിര്‍ത്താതെ മഴ

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മണ്‍സൂണ്‍ മഴയാണ് വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ ചൊവ്വാഴ്ച പുഴകള്‍ കരകവിഞ്ഞൊഴുകാന്‍ കാരണം. ഈ പ്രളയം മലയോര ഗ്രാമങ്ങളെ തകര്‍ത്തു. 2,000-ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. 5,000-ത്തോളം താമസക്കാര്‍ സര്‍ക്കാര്‍ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്.
വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ വ്യാഴാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ 37 ആയി ഉയര്‍ന്നതായി പ്രവിശ്യാ പോലീസ് വക്താവ് ഫെറി വാലിന്റുക്കാന് പ്രസ്താവനയില്‍ പറഞ്ഞു. കാണാതായതായി റിപ്പോര്‍ട്ട് ചെയ്ത 52 താമസക്കാര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. എന്നാല്‍, മണ്ണിടിച്ചില്‍, വൈദ്യുതി മുടക്കം, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ അഭാവം എന്നിവ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായലന്‍ഡില്‍ 55 മരണം
തായ്ലന്‍ഡിലും മിന്നല്‍ പ്രളയത്തില്‍ വ്യാപക ആള്‍നാശമുണ്ടായി. 55ഓളം പേര് ഇവിടെ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ തെക്കന്‍ മേഖലയിലെ ഒമ്പതോളം പ്രവിശ്യയില്‍ തുടര്‍ന്ന ശക്തമായ മഴയാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും, പ്രളയ ബാധിതര്‍ക്ക് 20ഓളം ഹെലികോപ്റ്ററുകളും ട്രക്കുകളും ഉപയോഗിച്ച് ഭക്ഷണ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





