തിരുവനന്തപുരം: എഐസിസി മുൻ അംഗം സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ചൂഷണങ്ങൾക്ക് നിന്നു കൊടുക്കണമെന്ന് സ്വകാര്യ ചാനൽ അഭിമുഖത്തിൽ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് നടപടി. സിനിമാ മേഖലയിൽ നടിമാരടക്കം ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുവെന്ന ആരോപണങ്ങൾ അടങ്ങിയ ഹേമ കമ്മിറ്റി റിപോർട്ട് ചർച്ചയാവുന്നതിനിടെയായിരുന്നു സിമി റോസ്ബെൽ പാർട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നത്.
|
കെപിസിസി പ്രസിഡൻറ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ വി ഡി സതീശൻ അനുവദിക്കുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളാണ് സിമി റോസ്ബെൽ ജോൺ ഉയർത്തിയത്.
ഇതിനു പിന്നാലെ സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കും വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ.ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ.തുളസി, ജെബി മേത്തർ എംപി എന്നിവർ പരാതി നൽകുകയും ചെയ്തു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെൽ ജോൺ ആക്ഷേപം ഉന്നയിച്ചതെന്ന് നടപടി വ്യക്തമാക്കി കെപിസിസി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





