
![]() |
|
തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. ഉടൻ തന്നെ നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇവർ വെന്റിലേറ്ററിലാണ്. ഇതിലൊരാള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍.
പട്ടിക്കാട് സ്വദേശികളായ ആന്‍ഗ്രെയ്‌സ് (16), അലീന (16), ഐറിന്‍ (16) പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. റിസര്‍വോയര്‍ കാണാനെത്തിയപ്പോള്‍ പാറയില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം.
നിമയുടെ വീട്ടില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു കൂട്ടുകാരായ മറ്റു പെണ്‍കുട്ടികള്‍. ഒരു കുട്ടി കാല്‍വഴുതി വീണപ്പോള്‍, രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടികൾ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Four children fell into peechi dam reservoir