|
കടമെടുത്ത പണം തിരിച്ചടയ്ക്കാൻ ആവാത്തതോടെ അനധികൃത ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ശാന്തിനഗർ സ്വദേശികളായ രമ്യലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു, മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ലോൺആപ്പിൽ നിന്ന് ഈ കുടുംബം 30,000 രൂപ വായ്പ എടുത്തിരുന്നു. ഇതിൽ 10,000 രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാൽ പലിശ വർധിച്ചതോടെ ബാക്കി തുക തിരിച്ചടയ്ക്കാനാവാതെ വന്നു. ഇതോടെ, യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് ലോൺ ആപ്പ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം ഫോട്ടോ വാട്ട്സ്ആപ്പിലൂടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് കുടുംബം ജീവനൊടുക്കുകയായിരുന്നു. ദുർഗാ റാവു പെയിന്റിങ് ജോലിക്കാരനും ഭാര്യ രമ്യ ലക്ഷ്മി തയ്യൽ ജോലിക്കാരിയുമായിരുന്നു. സെപ്തംബർ അഞ്ചിന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ എത്തിയ ദമ്പതികൾ അവിടെയുളള ഒരു ഹോട്ടലിൽ റൂമെടുത്ത് തങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു.
ബന്ധു ഉടൻ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ച് ഹോട്ടൽ മുറിയിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന ദമ്പതികളെയും കുട്ടികളേയുമാണ് കണ്ടത്. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.



