22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഡാനന്തരം പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരിച്ചുകൊണ്ടു വരികയും പുതിയ സാഹചര്യത്തിനനുസരിച്ച് സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അസീർ മേഖലയിൽ സെപ്തംബർ 2 മുതൽ 23 വരെ ” ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ” സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും ആരോഗ്യകരമായ മാനസിക ശാരീരിക അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടു വരിക എന്നതാണ് ഫെസ്റ്റ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. 

 

ഉർദു സംസാരിക്കുന്നവർക്ക് മാത്രമായി  സെപ്തംബർ രണ്ടാം തിയ്യതി നടത്തപ്പെടുന്ന “ഫ്രീഡം ഫെസ്റ്റ് 22”  എന്ന സാംസ്കാരിക പരിപാടിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന “സ്പോർട്സ് ഫെസ്റ്റ്” ഒൻപതാം തിയ്യതി ഖമീസിലെ ദമക് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. വടം വലി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്, ഉറിയടി തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

 

സെപ്തംബർ 23 ന് ഫാമിലികളെക്കൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള കൾച്ചറൽ ഫെസ്റ്റ് അബഹ എയർപോർട്ടിനടുത്തുള്ള ഫഖാമ ഓഡിറ്റോറിയത്തിൽ നടക്കും. ആക്സസ്സ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സണും  പ്രിൻസ് സത്താം യൂനിവേഴ്സിറ്റി അധ്യാപകനുമായ ഇസ്മായിൽ മാസ്റ്റർ അവതരിപ്പിക്കുന്ന Enrich & Enjoy your Expat Life (EEE) എന്ന പ്രവാസി മോട്ടിവേഷണൽ പ്രോഗ്രാം പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. 

 

കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്ക് പ്രത്യേകമായും വിവിധ ഗെയിമുകളും ഇൻഡോർ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പുഡിങ് ക്വീൻ, കോൽക്കളി, ഗാനസന്ധ്യ എന്നീ പരിപാടികളും കൾച്ചറൽ ഫെസ്റ്റിന് മിഴിവേകും. അസീറിലെ വിവിധ സംഘടന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ഫെസ്റ്റിന് സമാപനമാകുമെന്നും ഭാരവാഹികളായ മുഹമ്മദ് കോയ ചേലേമ്പ്ര, സാബിർ അലി മണ്ണാർക്കാട് മുനീർ ചക്കുവള്ളി, അഷ്‌കർ വടകര, യൂനുസ് അൽ സൂദ അറിയിച്ചു.