27
Jul 2024
Wed
27 Jul 2024 Wed
Pinarayi Vijayan sent letter to karnataka for continue search in shirur

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കാന്‍ വിവിധ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.(Free kit for AIy categories on Onam; Vegetable markets and Onam markets)  ഓണം വാരാഘോഷം സപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും. ഓണത്തോടനുബന്ധിച്ച് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാനും സ്പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഓണാഘോഷത്തെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി.

ഓണത്തോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കി. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഫ്ളോട്ട് തയ്യാറാക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.