Free travel for women in KSRTC bus തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നാലോചിക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയെന്നാണ് സൂചന.
|
തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യു ഡി എഫ് സര്‍ക്കാര്‍, കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഏകദേശ ധാരണയുണ്ടായേക്കും.
കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര എങ്ങനെ?
പദ്ധതി നടപ്പാക്കിയ കര്‍ണാടകയില്‍ എ സി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. അതേ മാതൃക പിന്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കില്‍ പ്രതിമാസം 60 കോടി രൂപ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് സബ്‌സിഡിയായി നല്‍കേണ്ടി വരും.
അതേസമയം, വലിയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കും എന്ന് കണ്ടറിയണം. ഇന്നത്തെ യോഗത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്നതിലും ആകാംക്ഷയുണ്ട്. സി പി ജോണിനാണ് ചുമതലയെന്നാണ് വിവരം. ഇന്നലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വാര്‍ത്ത നിഷേധിച്ചിട്ടില്ല.
ഇതിന് വരുന്ന അധിക ചെലവ് എങ്ങിനെ കണ്ടെത്തും എന്നതും ചോദ്യമാണ്. അക്കാര്യത്തില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒരു പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ‘ഇന്ദിരാ ഗാരണ്ടികള്‍’ നടപ്പാക്കാന്‍ പണത്തിന്റെ കാര്യം ഓര്‍ത്ത് പുതിയ സര്‍ക്കാര്‍ വിഷമിക്കേണ്ടതില്ലെന്നു ഡോ. തോമസ് ഐസക് പരിഹസിച്ചു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ പോഡ്കാസ്റ്റിലൂടെ നടത്തിയ അവകാശവാദങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ ഏതാണ്ട് 25,000 കോടി രൂപയുടെ റവന്യൂ കുടിശ്ശികയുണ്ടെന്നും അത് പിരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നുമായിരുന്നു സതീശന്റെ അന്നത്തെ ആക്ഷേപം. ഇതിനു പുറമേ, സ്വര്‍ണ്ണത്തില്‍ നിന്ന് മാത്രം 15,000 കോടി രൂപയുടെ അധിക ജിഎസ്ടി പിരിച്ചെടുക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഈ രണ്ട് തുകകളും കൃത്യമായി പിരിച്ചെടുത്ത് പുതിയ സര്‍ക്കാര്‍ ഇന്ദിരാ ഗാരണ്ടികള്‍ ഉടനടി നടപ്പാക്കണമെന്നാണ് തോമസ് ഐസക്കിന്റെ ആവശ്യം. എന്തുവന്നാലും വരുന്ന ജൂണ്‍ 15-നകം കേരളത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.



