ലഖ്നോ: രാമക്ഷേത്രം വരുമ്പോള്‍ വന്‍ ലാഭം കൊയ്യാമെന്ന പ്രതീക്ഷയില്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടുകയും മറിച്ചുവില്‍ക്കുകയും ചെയ്തവരില്‍ വ്യവസായ ഭീമന്‍ ഗൗതം അദാനി മുതല്‍ പ്രാദേശിക ബിജെപി നേതാക്കള്‍ വരെ. (From Adani to local BJP leaders, those who bought land in Ayodhya after the Babri verdict) ബാബരി മസ്ജിദ് നിലനിന്നിടത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള 2019 നവംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഉന്നതര്‍ കോടികളുടെ ഭൂമി സ്വന്തമാക്കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപോര്‍ട്ട് വെൡപ്പെടുത്തി.
|
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി വാങ്ങിയവരിലുണ്ട്. അയോധ്യക്ക് 15 കിലോമീറ്റര്‍ ചുറ്റളവില്‍ 2,500 ഭൂമി കൈമാറ്റ രജിസ്ട്രേഷനുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവരില്‍ പലരും ഭൂമി വന്‍വിലയ്ക്ക് മറിച്ചുവിറ്റ് ലാഭവും നേടി.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം നിലനില്‍ക്കുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്.
അരുണാചല്‍ ഉപമുഖ്യമന്ത്രി ചൗന മേന്റെ മക്കളായ ചൗ കാന്‍ സെങ് മേന്‍, ആദിത്യ മേന്‍ എന്നിവര്‍ രാമക്ഷേത്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സരയൂ നദിക്കരയില്‍ 2022 സപ്തംബറിനും 2023 സ്പ്തംംബറിനും ഇടയില്‍ 3.99 ഹെക്ടര്‍ ഭൂമി വാങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു. 3.72 കോടി രൂപക്കാണ് ഇവര്‍ സ്ഥലം കൈവശപ്പെടുത്തിയത്. ഇതില്‍ 0.768 ഹെക്ടര്‍ ഭൂമി 98 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
2023 സ്പ്തംബറില്‍ അദാനി ഗ്രൂപ്പ് ക്ഷേത്രത്തില്‍ നിന്ന്് ആറ് കിലോമീറ്റര്‍ അകലെ 1.4 ഹെക്ടര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. മഹാരാഷ്ട്ര മന്ത്രി മംഗള്‍ പ്രഭാത് ലോധയുടെ മകന്റെ പേരിലുള്ള എച്ച്.ഒ.എ.ബി കമ്പനി 2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ 17.73 ഹെക്ടര്‍ കൃഷിഭൂമിയും 12,693 സ്‌ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയും വാങ്ങിയിരുന്നു. ആകെ 105.39 കോടി രൂപയുടെ ഭൂമിയിടപാടാണ് ഇവര്‍ മാത്രം നടത്തിയത്.
വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാത്രിക്രമ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ കുടുംബവും ഭൂമി വാങ്ങിയിട്ടുണ്ട്.
ബ്രിജ്ഭൂഷണിന്റെ മകന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്‍ഫ്രാസ്ട്രക്ചര്‍ അയോധ്യക്ക് സമീപം മഹേശ്വര്‍പൂരില്‍ 2023 ജനുവരിയില്‍ 1.15 കോടി രൂപയുടെ സ്ഥലം വാങ്ങിയിട്ടുണ്ട്. 0.97 ഹെക്ടറാണ് ഇവര്‍ സ്വന്തമാക്കിയത്. ആറ് മാസത്തിന് ശേഷം ഇതില്‍ 635.72 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി 60.96 ലക്ഷത്തിന് വില്‍പന നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആഡിഷണല്‍ ഡി.ജി.പി അമിതാഭ് യാഷ് ഐ.പി.എസ്സിന്റെ അമ്മയുടെ പേരിലും ഭൂമിയിടപാട് നടന്നിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2024 ഫെബ്രുവരിക്കും ഇടയില്‍ മഹേശ്വര്‍പൂര്‍, ദുര്‍ഗാഗഞ്ച്, യദുവംശ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 9.955 ഹെക്ടര്‍ ഭൂമിയാണ് ഇവര്‍ വാങ്ങിയത്. രാമക്ഷേത്രത്തില്‍ നിന്നും എട്ട് മുതല്‍ 13 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളാണിത്. ഇതില്‍ 0.505 ഹെക്ടര്‍ 20.4 ലക്ഷത്തിന് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
എം.എല്‍എമാരും എം.പിമാരും മാത്രമല്ല, ബി.ജെ.പിയുടെ പഞ്ചായത്ത് നേതാക്കള്‍ വരെയുള്ളവര്‍ ഇത്തരത്തില്‍ ഭൂമി സ്വന്തമാക്കി ലാഭം കൊയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ അജയ് സിങ്ങിന്റെ സഹോദരന്‍ കൃഷ്ണ കുമാര്‍ സിങ്, ഗോസയ്ഗഞ്ച് നഗര്‍ പഞ്ചായത്ത് ബി.ജെ.പി നേതാവ് വിജയ് ലക്ഷ്മി ജെയ്‌സ്വാള്‍, അമേഠി ജില്ല പഞ്ചായത്ത് ചെയര്‍പേഴ്‌സന്‍ രാജേഷ് അഗ്രഹാരി തുടങ്ങിയവരുടെ പേരുകളും ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിട്ടുണ്ട്.





