22
Sep 2022
Fri
22 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അവഗണിക്കപ്പെടുന്നുവെന്ന സൂചനകള്‍ക്കിടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍ക്കായി വന്‍തോതില്‍ പണമിറക്കിയ ഗൗതം അദാനി, പിന്നീട് നരേന്ദ്രമോദിയുടെ തണലില്‍ ലോകത്തെ അതിസമ്പന്നനായി മാറിയത് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍. കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് പ്രമുഖ വ്യവസായികള്‍ കാര്യമായി സംഭാവനനല്‍കിയിരുന്നില്ല. 

 

ഗുജറാത്ത് കലാപം ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ മോദിയുടെ ഇമേജിന് പരിക്കേല്‍പ്പിക്കുമെന്ന് ഉറപ്പായ സന്ദര്‍ഭങ്ങളിലാണ് അദാനിയെന്ന കൗശലക്കാരന്റെ കണ്ണ് ഉടക്കിയത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മോദിക്ക് വിസവിലക്കേര്‍പ്പെടുത്തുകയും ‘രാജധര്‍മം’ പാലിച്ചില്ലെന്ന് അടല്‍ ബിഹാരി വാജ്‌പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികള്‍ മോദിനേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്തുവന്ന ഘട്ടത്തില്‍ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിയുകയായിരുന്നു അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വര്‍ഗീയ വിഭജനത്തിന്റെ രക്തക്കറകളില്‍ നിന്ന് പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് എന്ന വിശേഷണം ഒരുപക്ഷേ അദാനിക്ക് മാത്രമായിരിക്കും. 

 

തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും മുഖ്യമന്ത്രിയായതാണ് അദാനിക്ക് ഗുണംചെയ്തത്. പ്രതിസന്ധിഘട്ടത്തില്‍ കൂടെനിന്ന അദാനിയെ മോദി കൈയഴിഞ്ഞ് സഹായിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളര്‍ച്ചയുടെ തുടക്കകാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73ദശലക്ഷം ഡോളറില്‍ (2002) നിന്ന് 7.8 ബില്യണ്‍ ഡോളറിലേക്ക് (2014) കുതിച്ചുയര്‍ന്നു. ഏഴുകോടിയില്‍ നിന്ന് 12 വര്‍ഷം കൊണ്ട് 78,000 കോടി രൂപയുടെ വളര്‍ച്ചയാണ് അദാനി നേടിയത്. 2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെ എതിരില്ലാത്ത വിധത്തില്‍ അദാനിയുടെ കുതിപ്പ് പിന്നീട് ഇരട്ടിവേഗതയിലും ആയി.

 

2003ലെ ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് സമിറ്റിന് 15,000 കോടി രൂപയാണ് അദാനി വാഗ്ദാനം ചെയ്തത്. അതിന് ശേഷം മോദിയുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ച അദാനി, മോദിയുടെ വിശ്വസ്ത അനുയായി ആവുകയും അദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലും വിദേശത്തും വ്യക്തിഗത പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. കലാപം നടക്കുമ്പോള്‍ നോക്കിനിന്ന ഭരണാധികാരിയെന്ന ഇമേജില്‍നിന്ന് വ്യവസായ സൗഹൃദ ഭരണാധികാരിയെന്ന ഇമേജിലേക്ക് മോദിയെ പരിവര്‍ത്തിപ്പിച്ചെടുക്കുന്നതിലും അദാനി വിജയിച്ചു.

 

ഗുജറാത്തിലെ വളരെ സുപ്രധാന ഇടപാടുകളും അദാനിക്ക് ലഭിക്കുന്നതിന് മോദി ഇടപെട്ടു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത്, എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചു പടിഞ്ഞാറന്‍ തീരത്തെ മുന്ദ്രയില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമഖമം നിര്‍മ്മിക്കുന്നതിനായി നിസാര വിലക്ക് (ചതുശ്ര മീറ്ററിന് ഒരു രൂപ മുതല്‍ 16 രൂപ വരെ) ധാരാളം ഭൂമി അദാനി ഗ്രൂപ്പിന് കൈമാറുകയത് ഒരുചെറിയ ഉദാഹരണം. 

 

തുറമുഖ, കല്‍ക്കരി, ഊര്‍ജമേഖലകളിലാണ് ഏവരെയും അമ്പരിപ്പിക്കുന്ന അദാനിയുടെ വളര്‍ച്ച. 2000 ന്റെ തുടക്കത്തില്‍ രാജ്യത്തെ അതിസമ്പന്നരുടെ കൂട്ടത്തില്‍ ആരുമല്ലാതിരുന്നു ആദാനി. 2014 മെയില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിയുടെ വളര്‍ച്ച പൊടുന്നനെയായി. 2014ന്റെ അവസാന മൂന്നുമാസം നേടിയത് 550.8 ശതമാനം വളര്‍ച്ച. ഈ കാലയളവില്‍ മാത്രം കമ്പനിയുടെ ലാഭം 120.75 കോടി. തൊട്ടുമുമ്പുള്ളവര്‍ഷം 42.74 കോടി നഷ്ടത്തിലായിരുന്നപ്പോഴാണിത്. 2015 മെയ് 27ലെ കണക്കുപ്രകാരം ആസ്തി 51,600 കോടി രൂപയായിരുന്നു. അതായത് അരലക്ഷം കോടി രൂപയ്ക്കടുത്ത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പത്തുലക്ഷം കോടി രൂപയുടെ ആസ്തിയാണ് അദാനിക്കുള്ളത്. ബാങ്കുവായ്പകളും സര്‍ക്കാര്‍ സഹായവും യഥേഷ്ടം ലഭിച്ചതാണ് അദാനിക്ക് സഹാകരമായത്.

 

ഇന്നിപ്പോള്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം ലോക അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നു അദാനി. ഫ്രഞ്ച് വ്യവസായി ബെര്‍ണാള്‍ഡ് ആര്‍ണോള്‍ട്ടിനെയും ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും പിന്തള്ളിയാണ് അദാനി ഫോബ്‌സ് പുറത്തിറക്കുന്ന പട്ടികയില്‍ രണ്ടാമതെത്തിയത്. 154.7 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ഒന്നാമത് ആസ്തി 273.5 ബില്യണ്‍ ഡോളര്‍. ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനിയാണ് അതിസമ്പന്നപ്പട്ടികയില്‍ ആദ്യ പത്തിലുള്ളത്. 

Gautam Adani Briefly Listed As World’s Second-Richest Person