ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഗുജറാത്ത് സ്വദേശി പിടിയില്‍. (Gautam Gambhir receives death threat; Gujarat native Jignesh Sinha arrested) 21 വയസ്സുള്ള ജിഗ്നേഷ് സിന്‍ഹ പാര്‍മര്‍ ആണ് പിടിയിലായത്. ജിഗ്നേഷിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് വീട്ടുകാരുടെ അവകാശവാദം.
|
ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഗൗതം ഗംഭീറിന് വധഭീഷണി എത്തിയത്. ഐഎസ്ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നിലെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആ സമയത്ത് റിപോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയിരുന്നു. തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയില്‍ ഗംഭീര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ALSO READ: പഹല്‍ഗ്രാം ഭീകരാക്രമണം; ഫേസ്ബുക്ക് പോസ്റ്റിട്ട ലീഗ് നേതാവിനെതിരേ കേസ്
ഏപ്രില്‍ 22ന് ഇമെയില്‍ വഴിയാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാന്‍ നിന്നെ കൊല്ലും’ എന്നര്‍ത്ഥത്തില്‍ (‘I Kill U.’) എന്നാണ് സന്ദേശം ലഭിച്ചത്. മുമ്പ് 2021 നവംബറില്‍ പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഗംഭീര്‍ അപലപിച്ചിരുന്നു. ‘മരിച്ചവരുടെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കും.’ എന്നായിരുന്നു ഗൗതം ഗംഭീറിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്.
ഐഎസ്ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതോടെ, ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സംഭവത്തിന് പിന്നില്‍ പാക് ഭീകര സംഘടനകളാണെന്ന തരത്തിലായിരുന്നു റിപോര്‍ട്ട്.
എന്നാല്‍, സൈബര്‍ സെല്‍ ഇമെയിലിന്റെ സ്രോതസ്സ് തേടി നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി ജിഗ്നേഷ് പിടിയിലായത്. ഇതോടെ പ്രതിക്ക് മാനസിക രോഗമാണെന്ന വാദം കണക്കിലെടുത്ത് സംഭവത്തെ നിസാരവല്‍ക്കരിക്കുകയാണ് പോലീസ്.
എന്നാല്‍, ഗൗതം ഗംഭീറിന്റെ ഇമെയില്‍ കണ്ടെടുത്ത് ഐഎസ്‌ഐഎസിന്റെ പേര് ചേര്‍ത്ത് ഇത്ര കൃത്യമായി ഭീഷണി സന്ദേശമയക്കാന്‍ ഒരു മാനസിക രോഗിക്ക് എങ്ങിനെ സാധിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.


