|
ശ്രീനഗര്‍: കോണ്‍ഗ്രസ് ബന്ധമവസാനിപ്പിച്ച മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ സംഘടിപ്പിച്ച റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. തന്റെ മുഖ്യ ശത്രു കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്ന് സൂചനനല്‍കി റാലിയില്‍ അദ്ദേഹം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
ഒരേസമയം, ജമ്മുകശ്മീര്‍ പ്രാദേശിക വികാരം ഉയര്‍ത്തിയും കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ചുമാണ് പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചത്. കോണ്‍ഗ്രസ് നിര്‍മിച്ചത് ഞാനടക്കമുള്ളവരുടെ രക്തം കൊണ്ടാണ്. അല്ലാതെ കംപ്യൂട്ടറും ട്വിറ്റും ഉപയോഗിച്ചല്ല. അവര്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്പ്യൂട്ടറിലും ട്വിറ്ററിലും ഒതുങ്ങി കൂടിയത് കൊണ്ടാണ് കോണ്‍ഗ്രസിനെ മൈതാനങ്ങളില്‍ കാണാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും സംസ്ഥാനത്തിന് സമ്പൂര്‍ണ അധികാരം നേടിയെടുക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും അദ്ദേഹം ഉയര്‍ത്തി.
പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്ന് ഗുലാംനബി അറിയിച്ചു. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടെത്. ജമ്മു കശ്മീര്‍ ആസ്ഥാനമായായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നും പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത കരഘോഷത്തിനിടെ ഗുലാംനബി പ്രഖ്യാപിച്ചു.
ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് 73കാരനായ ഗുലാംനബി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ജമ്മുവിലെ സൈനികകോളനിയില്‍ നടന്ന റാലിക്ക് ശേഷം കൂടിയ സമ്മേളനത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. റാലിയും സമ്മേളനത്തിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. ജമ്മുകശ്മീരിലെ പ്രധാന പാര്‍ട്ടികളായ പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയെ പരാമര്‍ശിച്ചതുമില്ല. കോണ്‍ഗ്രസ് വിട്ടശേഷം ആദ്യമായാണ് ഗുലാംനബി സ്വന്തം സംസ്ഥാനത്തെത്തുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് കഴിഞ്ഞാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഗുലാംനബി, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മാര്‍ച്ച് നടക്കുന്ന അതേസമയത്ത് തന്നെയാണ് ഗുലാംനബി ജമ്മുകശ്മീരില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത്.
Gave my blood to Congress, says Ghulam Nabi Azad as he holds mega rally in Jammu
Ghulam Nabi Azad is all set to begin a new chapter in his political career on Sunday by setting up the first unit of his party in his home state of Jammu and Kashmir.



