ഇതിഹാസം ഗ്ലൗ അഴിച്ചു; 45 മത്തെ വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ബഫണ്
|
റോം: ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗിയാന്‍ലൂയിജി ബഫണ്‍ മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ കരിയര്‍ അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ബഫണ്‍ 28 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് 45ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വര്‍ഷങ്ങളോളം യുവന്റസിന്റെയും ഇറ്റലി ദേശീയ ടീമിന്റെയും ഗോള്‍വലകാത്തതിന് ശേഷം കഴിഞ്ഞ രണ്ട് സീസണുകളില്‍ സീരി ബിയില്‍ തന്റെ ബാല്യകാല ക്ലബ്ബായ പാര്‍മക്ക് വേണ്ടി കളിച്ചു വരികയായിരുന്നു താരം.
43 മത്സരങ്ങളാണ് പാര്‍മയ്ക്കായി കളിച്ചത്. തുടരെത്തുടരെയുള്ള പരിക്കുകളാണ് വിരമിക്കലിന് കാരണമായതെന്നാണ് സൂചന. 1995ലായിരുന്നു പാര്‍മയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. തുടക്കകാലത്ത് അവര്‍ക്കായി 220 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. പാര്‍മയില്‍ തുടങ്ങിയ ബഫണ്‍ ഇപ്പോള്‍ പാര്‍മയില്‍ തന്നെ കളി അവസാനിപ്പിക്കുകയാണ്.
2001ല്‍ റെക്കോഡ് തുകയ്ക്കാണ് യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനൊപ്പം 2018 വരെ നില്‍ക്കാന്‍ ബഫണ് സാധിച്ചു. 509 മത്സരങ്ങളിലാണ് താരം ടീമിനായി വല കാത്തത്. വീണ്ടും പാര്‍മയില്‍ തിരിച്ചെത്തി.
2022 ഫെബ്രുവരിയില്‍ പാര്‍മയുമായി അടുത്ത സമ്മര്‍ വരെ നീളുന്ന കോണ്‍ട്രാക്ട് എകസ്റ്റന്‍ഷനില്‍ താരം ഒപ്പുവെച്ചിരുന്നെങ്കിലും ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇറ്റലിക്ക് വേണ്ടി 1997ലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് 2018 വരെ ദേശീയ ടീമിന്റെ ഗോള്‍വല കാത്തു. 176 മത്സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. അഞ്ച് ഫുട്ബാള്‍ ലോകകപ്പുകളിലും ഇറ്റലിയുടെ വലകാത്തു. 2006ലെ ലോകകപ്പില്‍ ബഫണിന്റെ മിന്നല്‍ സേവുകളാണ് കിരീടം ചൂടാന്‍ നീലക്കുപ്പായക്കാരെ സഹായിച്ചത്.
പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുകയാണ് ബഫണ്‍. 45 കാരനായ ബഫണ്‍ 1995ല്‍ പാര്‍മയിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ഇറ്റലിയ്ക്ക് വേണ്ടി താരം 1997ല്‍ അരങ്ങേറ്റം നടത്തി. 1997 മുതല്‍ 2018 വരെ ഇറ്റാലിയന്‍ ഗോള്‍വല കാത്ത ബഫണ്‍ രാജ്യത്തിനായി 176 മത്സരങ്ങള്‍ കളിച്ചു. 1998, 2002, 2006, 2010, 2014 ഫുട്‌ബോള്‍ ലോകകപ്പുകളില്‍ താരം രാജ്യത്തിന്റെ വല കാത്തു.2006ല്‍ ഇറ്റലിയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ ബഫണ്‍ വഹിച്ച പങ്ക് ചെറുതല്ല. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ബഫണിന്റെ ഉഗ്രന്‍ സേവുകളാണ് ടീമിന് തുണയായത്. അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത ലോകത്തിലെ ആറുതാരങ്ങളിലൊരാളാണ് ബഫണ്‍. 80 മത്സരങ്ങളില്‍ ഇറ്റലിയെ നയിക്കാനും താരത്തിന് സാധിച്ചു.
ഇറ്റാലിയന്‍ സീരി എയില്‍ 657 മത്സരങ്ങളിലാണ് ബഫണ്‍ കളിച്ചത്. ഇത് ലോകറെക്കോഡാണ്. അതുപോലെ സീരി എയില്‍ ഗോള്‍വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരത്തിനുള്ള റെക്കോഡും ബഫണ്‍ സ്വന്തമാക്കി. 974 മിനിറ്റാണ് താരം ഗോള്‍ വഴങ്ങാതെ കളിച്ചത്. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. സീരി എയില്‍ താരത്തിന് ആകെ 285 ക്ലീന്‍ ഷീറ്റുകളുണ്ട്. യുവന്റസിനൊപ്പം 10 സീരി എ കിരീടവും അഞ്ച് കോപ്പ ഇറ്റാലിയ കിരീടവും നേടാന്‍ താരത്തിന് സാധിച്ചു. പി.എസ്.ജിയില്‍ കളിച്ചപ്പോള്‍ ലീഗ് വണ്‍ കിരീടം നേടാനും കഴിഞ്ഞു. ബഫണ്‍ ബൂട്ടഴിക്കുമ്പോള്‍ ഒരു യുഗമാണ് അവസാനിക്കുന്നത്.


