നാഗ്പൂര്‍: കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ ഒരാളെ രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ (RSS) രാഷ്ട്രസേവനത്തിനായി സമര്‍പ്പിക്കണമെന്നുമുള്ള ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പ്രസ്താവന രാജ്യത്ത് പുതിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ബാഗേശ്വര്‍ ധാമിലെ മുഖ്യ പൂജാരിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമാണ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി
|
2026 ഏപ്രില്‍ 24-ന് നാഗ്പൂരില്‍ ഭാരത ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ധര്‍മ്മസഭയിലും സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ”നിങ്ങള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുക, അതില്‍ ഒരാളെ രാജ്യത്തിന്റെ നന്മയ്ക്കായി ആര്‍എസ്എസിന് വിട്ടുകൊടുക്കുക,” എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആര്‍എസ്എസ് അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തെ അദ്ദേഹം പ്രസംഗത്തില്‍ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാര്‍ സ്വന്തം സുരക്ഷ നോക്കുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് ഇത്തരം അര്‍പ്പണബോധമുള്ള വ്യക്തികളെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത വേദിയിലായിരുന്നു ഈ പ്രസ്താവന. സനാതന ധര്‍മ്മം സംരക്ഷിക്കേണ്ടതിന്റെയും ‘അഖണ്ഡ ഭാരതം’ എന്ന സ്വപ്നത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാംസ്‌കാരിക സ്വത്വം സംരക്ഷിക്കാന്‍ ജനസംഖ്യാ വര്‍ധനവ് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
പ്രതികരണങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ച ഈ പ്രസ്താവനയോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. യുവാക്കള്‍ രാജ്യസേവനത്തിനായി മുന്നോട്ടുവരണമെന്ന ആഹ്വാനമായി ഇതിനെ അനുഭാവികള്‍ കാണുമ്പോള്‍, വ്യക്തിസ്വാതന്ത്ര്യത്തിലും കുടുംബസൂത്രണത്തിലും കടന്നുകയറുന്ന പ്രസ്താവനയാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മതനേതാക്കളുടെ ഇത്തരം ആഹ്വാനങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സനാതന ധര്‍മ്മം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാംസ്‌കാരിക സ്വത്വത്തെക്കുറിച്ചും ശാസ്ത്രി മുമ്പും സമാനമായ രീതിയില്‍ പ്രസംഗിച്ചിട്ടുണ്ട്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നാവശ്യപ്പെടാറുള്ള ശാസ്ത്രി മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവും നടത്താറുണ്ട്. ടിവി ചാനലുകളിലും മറ്റും നിരന്തരം പ്രത്യക്ഷപ്പെടാറുള്ള ശാസ്ത്രി തനിക്ക് രോഗം ഭേദപ്പെടുത്താനും മറ്റുമുള്ള അല്‍ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടാറുണ്ട്. ശാസ്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.



