25
Jul 2025
Tue
25 Jul 2025 Tue
gold bangle found

മഞ്ചേരി: വിവാഹ നിശ്ചയത്തിന് ലഭിച്ച സ്വര്‍ണവള കാക്ക കൊത്തിക്കൊണ്ടു പോയ സങ്കടം തീര്‍ന്നത് 3 വര്‍ഷത്തിനു ശേഷം. (Gold bangle found in crows nest) അപ്രതീക്ഷിതമായി കാക്കക്കൂട്ടില്‍ നിന്നു വള തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സുരേഷും കുടുംബവും. മൂന്ന് കഷ്ണങ്ങളാക്കിയ വള ഒരു അലങ്കാര വസ്തുവെന്ന പോലെ കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തില്‍ സുരേഷിന്റെ മരുമകള്‍ ഹരിത ശരത്തിന്റെ വളയാണ് 2022 ഫെബ്രുവരി 24ന് കാക്ക കൊത്തിക്കൊണ്ടു പോയത്. വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുമ്പോള്‍ കല്ലില്‍ ഊരി വച്ചതായിരുന്നു വിവാഹ നിശ്ചയത്തിനു ശരത് അണിയച്ച ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വള.

ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. വീട്ടുകാര്‍ ദിവസങ്ങളോളം കാക്ക കൊണ്ടുപോയി വയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ മാസം മാങ്ങ പറിക്കാന്‍ കയറിയപ്പോഴാണ് നാട്ടുകാരനായ ചെറുപള്ളി അന്‍വര്‍ സാദത്തിനു മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങള്‍ കൂട്ടില്‍ നിന്നു ലഭിച്ചത്.

ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിക്കാന്‍ തൃക്കലങ്ങോട് പൊതുജനവായനശാല ആന്‍ഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു. വള കിട്ടിയ വിവരം അറിയിച്ച് വായനശാലയില്‍ രണ്ടു മാസം മുമ്പ് നോട്ടിസ് പ്രദര്‍ശിപ്പിച്ചു.

തെളിവു സഹിതം വരുന്നവര്‍ക്ക് വള നല്‍കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ ദിവസമാണ് വിവരം സുരേഷിന്റെ അടുക്കലെത്തിയത്. വള വാങ്ങിയ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലെ ബില്‍, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആല്‍ബം തുടങ്ങിയവ തെളിവായി നല്‍കി കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങി.