22
Jan 2024
Wed
22 Jan 2024 Wed

ജിദ്ദ: ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി വിപുലമായ പരിപാടികളോടെ ജനുവരി അഞ്ചു മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഉത്ഘാടനത്തോട് അനുബന്ധിച്ച് അന്നേ ദിവസം വൈകീട്ട് ആറ് മണി മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദ ബോയ്‌സ് സെക്ഷനിൽ വെച്ച് വർണ്ണശബളമായ കലാ പരിപാടികൾ അരങ്ങേറും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പ്രമുഖ സംവിധായകൻ നാദിർഷാ, പ്രശസ്ത നടൻ ജയരാജ് വാര്യൻ, പ്രമുഖ അഭിനേത്രിയും നടിയുമായ പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്‌സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.

സൗദി അറേബ്യയിലെ പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ കലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ആരംഭിക്കുന്നതെറ്റ് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, സിനിമാറ്റിക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഹിപ് ഹോപ് ഡാൻസ്, യോഗ, സുംബ, കർണാടിക് ആന്റ് ഹിന്ദുസ്ഥാനി മ്യൂസിക്, ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്, കലിഗ്രഫി, ആക്ടിംഗ് വർക്ക്‌ഷോപ്പ്, മ്യൂസിക് ഇൻസ്ട്രുമെന്റ്, മാർഷ്യൽ ആർട്‌സ് തുടങ്ങിയ കലകളിൽ വിദഗ്ധരാണ് ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുക.

പഠിതാക്കളുടെ പഠനം സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകളും അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഗുഡ്‌ഹോപ്പ് അക്കാദമിയിൽനിന്ന് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും. അക്രഡിറ്റേഷനോട് കൂടിയുള്ള സർട്ടിഫിക്കറ്റ് പഠിതാക്കൾക്ക് തുടർപഠനത്തിന് സഹായകമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്

ജീവിതത്തിന്റെ നാനാതുറകളിലുള്ളവർക്ക് വ്യത്യസ്ത സമയങ്ങളിൽ ഗുഡ്‌ഹോപ്പ് അക്കാദമിയിൽ പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടകം തന്നെ വീട്ടമ്മമാർ അടക്കം നിരവധി പേർ അക്കാദമിയിൽ പ്രവേശനം നേടിയിട്ടുണ്ട്. ഒഴിവുസമയങ്ങൾ ക്രിയാത്മകമായി വിനിയോഗിച്ച് ജീവിത വിജയം നേടാനാവശ്യമായ രീതിയിലുള്ള പഠന രീതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നു പതിറ്റാണ്ടോളം ജിദ്ദയിൽ നിരവധി വിദ്യാർഥികൾക്ക് നൃത്തം അഭ്യസിപ്പിച്ചിരുന്ന പുഷ്പ ടീച്ചർ ഗുഡ്‌ഹോപ്പ് അക്കാദമിയിലൂടെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പഠിതാക്കൾക്ക് സമ്പൂർണ്ണ സുരക്ഷിതത്വം ഗുഡ്‌ഹോപ്പ് അക്കാദമി ഉറപ്പു നൽകുന്നുണ്ട്. പൂർണ്ണമായും ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങളാണ് വിശാലമായ ഇൻഹൗസ് ക്യാമ്പസിൽ ഗുഡ്‌ഹോപ്പ് അക്കാദമി ഒരുക്കിയിരിക്കുന്നത്.

പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ജുനൈസ് ബാബു ഗുഡ്‌ഹോപ്പ്, ഡയറക്ടർമാരായ ഷിബു തിരുവനന്തപുരം, ഡോ. അബ്ദുൽ ഹമീദ്,ടാലന്റ് മാനേജ്‌മെന്റ് ഹെഡ് പുഷ്പ സുരേഷ്, സി.ഇ.ഒ അൻഷിഫ് അബൂബക്കർ, സി.ഒ.ഒ സുഹൈർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണി തെക്കേടത്ത് എന്നിവർ പങ്കെടുത്തു