നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് 90 കണ്ടെയ്നറുകളുമായി പോയ ചരക്കുതീവണ്ടി കാണാനില്ല. കോടികള്‍ വിലമതിക്കുന്ന കയറ്റുമതി ഉല്പന്നങ്ങളാണ് തീവണ്ടിയില്‍. ഫെബ്രുവരി 1ന് മിഹാന്‍ ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപോയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റില്‍ എത്തിച്ചേരേണ്ടതാണ്. എന്നാല്‍ 12 ദിവസം പിന്നിട്ടിട്ടും തീവണ്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുകയോ ഇത് കണ്ടെത്താനാവുകയോ ചെയ്തിട്ടില്ല.
|
നാഷിക്കിനും കല്യാണിനും ഇടയിലുള്ള കസറ സ്റ്റേഷനു സമീപമുള്ള ഊമ്പര്മാലി റെയില്‍വേ സ്റ്റേഷനിലാണ് തീവണ്ടി അവസാനമായി കണ്ടത്. ഇതിനു ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് നീക്ക വിവര സംവിധാനത്തില്‍ നിന്ന് ട്രെയിന്‍ അപ്രത്യക്ഷമായി. ചരക്ക് വാഹനങ്ങളുടെ തദ് സമയ നീക്ക നിരീക്ഷണത്തിനുള്ള കംപ്യൂട്ടറൈസ്ഡ്സ് സംവിധാനമാണിത്.
കയറ്റുമതി നിലവാരത്തിലുള്ള അരി, കടലാസ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, കെമിക്കല്‍സ് മുതലായവയാണ് ഈ കണ്ടെയ്നറുകളില്‍ ഉള്ളത്. റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അലംഭാവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമൂലം തങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാവുന്നതെന്നും കയറ്റുമതി ചെയ്യുന്നവരില്‍ ഒരാള്‍ പറയുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



