|
കണ്ണൂർ സർവകലാശാലയിലെ നിയമനവിവാദത്തിൽ സർക്കാരിന് തിരിച്ചടി. അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് ഗവർണർ സ്റ്റേ ചെയ്തു. ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. രാജ്ഭവൻ ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇൻറർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ സംഭവത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ നൽകാൻപോലും യോഗ്യതയില്ലാത്ത ആളാണ് എന്നുചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി പ്രിയ വർഗീസിനെതിരേ ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഗവർണറുടെ നടപടി. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്നു വ്യക്തമാക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇൻറർവ്യൂവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ സ്കോർ പോയിൻറും അധ്യാപനപരിചയവും പ്രിയ വർഗീസിനായിരുന്നു. എന്നാൽ, ഉയർന്ന റിസർച്ച് സ്കോർ പോയിൻറുള്ളവരെ ഇൻറർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു.
യുജിസി ചട്ടപ്രകാരമുള്ള എട്ടു വർഷത്തെ അധ്യാപന പരിചയത്തിന് സർവകലാശാലയിൽ സ്റ്റുഡൻറ്സ് സർവീസ് ഡയറക്ടറായിരുന്ന രണ്ടു വർഷത്തെ അനധ്യാപക കാലയളവുകൂടി അധ്യാപന പരിചയമായി പ്രിയയ്ക്കുവേണ്ടി കണക്കിലെടുത്തതായും വിവരാവകാശ രേഖയിൽ പറയുന്നു. ഇതു ചട്ടവിരുദ്ധമാണ്. 156 സ്കോർ പോയിൻറ് മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസർച്ച് സ്കോർ 651 പോയിൻറുള്ള ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ സ്കറിയ തോമസിന് രണ്ടാം റാങ്കും 645 സ്കോർ പോയിൻറുള്ള മലയാളം സർവകലാശാല അധ്യാപകനായ സി. ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.
അസോസിയേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണുണ്ടായിരുന്നത്. ആറുപേരെയും ഇൻറർവ്യൂവിന് ക്ഷണിച്ചിരുന്നു. പ്രിയ വർഗീസിന് ഇൻറർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപനപരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് 30 മാർക്കും സി. ഗണേഷിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നുപേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്.



