ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ കുറിച്ച് ബി.ബി.സി ചാനൽ തയാറാക്കിയ ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ സോഷ്യൽമീഡിയ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം. കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാനാണ് യൂട്യൂബ് അടക്കമുള്ള സോഷ്യൽമീഡിയ കമ്പനികൾക്കുള്ള കേന്ദ്രം നിർദേശം.
|
യുട്യൂബ് ലിങ്കുകൾ അടങ്ങിയ 50ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്. യാഥാർത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോൾ മോദി സർക്കാർ അത് മറച്ചുവെക്കുന്നുവെന്നതിൽ കാര്യമില്ലെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
’21 വർഷത്തിനിപ്പുറവും 2022 ലെ കലാപത്തിന്റെ സത്യം പുറത്ത് വരുന്നതിൽ നരേന്ദ്രമോദിക്ക് ഭയമുണ്ട്. കലാപത്തിൽ മോദിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന ബിബിസി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്, ഇതിലൂടെ മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.’ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.
തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകൾ ട്വിറ്റർ നീക്കംചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട തന്റെ ട്വീറ്റ് ആണ് കേന്ദ്രസർക്കാരിന്റെ സെൻസർഷിപ്പിന്റെ ഭാഗമായി ട്വിറ്റർ നീക്കംചെയ്തതെന്ന് ഡെറിക് ഒബ്രിയൻ പറഞ്ഞു. ഒരുമണിക്കൂർ ദൈർഘ്യമുള്ള ബിബിസി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നു എന്നു തുറന്നുകാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസി ഡോക്യുമെന്ററി കഴിഞ്ഞദിവസം തന്നെ യുട്യൂബിൽ നിന്നു നീക്കം ചെയ്തിരുന്നു.



