ഇടുക്കി: ചിന്നക്കനാലിൽ 50 സെന്റ് ഭൂമി കൈയേറിയെന്ന പേരിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ ക്രൂശിക്കുന്ന സർക്കാർ മുൻ എം.പി ജോയ്സ് ജോർജ്ജിന്റെ 28 ഏക്കർ ഭൂമിയുടെ വ്യാജപട്ടയം റദ്ദാക്കിയ കേസിൽ തുടർ നടപടികൾ വൈകിപ്പിക്കുന്നു. ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമിയുടെ പട്ടയമാണ് 2017ൽ സർക്കാർ റദ്ദാക്കിയത്.
|
കൊട്ടാക്കമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001ൽ ജോയ്‌സിന്റെ പിതാവ് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ൽ ആണു കലക്‌ടർക്ക് ആദ്യം പരാതി ലഭിക്കുന്നത്.
വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുകൂടാതെ മറ്റൊരു 12 ഏക്കറിന്റെ ഉടമസ്ഥാവകാശവും സംശയത്തിലാണ്. ചിന്നക്കനാലിൽ എംഎം മണിയുടെ സഹോദരപുത്രൻ ലജീഷിന്റെയും, സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആൽവിന്റെയും വ്യാജപട്ടയങ്ങളും റദ്ദാക്കിയിരുന്നു. വ്യാജപട്ടയങ്ങൾക്കായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
ഇതിനിടയിലാണ് ഇടുക്കിയിലെ പട്ടയ വിതരണം ഹൈക്കോടതി കഴിഞ്ഞ മാസം തടഞ്ഞത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് തടഞ്ഞത്. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് വിധി ഉണ്ടായത്.
1971 ജനുവരി ഒന്നിനു മുൻപ് കൃഷിയാവശ്യത്തിനായി കുടിയേറ്റം നടത്തിയ ഭൂമിക്കാണ് 1964ലെ ചട്ടം അനുസരിച്ച് പട്ടയം നൽകുന്നത്. എന്നാൽ 1971ൽ ചട്ടം 5, 7 എന്നിവ ഭേദഗതി ചെയ്തതുകൊണ്ട് പലയിടത്തും അനധികൃതമായി ഭൂമി കയ്യേറിയവർ പട്ടയം നേടിയിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
ഈ ഉത്തരവിന് ഇടയാക്കിയത് ജോയ്സ് അടക്കമുള്ള കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രതയാണ് എന്നാണ് ആരോപണം. അനധികൃത കയ്യേറ്റക്കാർക്ക് 1964ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്ന ഹർജിക്കാരുടെ വാദവും കോടതിയുടെ നിരീക്ഷണവും എതിർക്കാൻ കഴിഞ്ഞില്ല.
മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായാണ് കുടിയേറ്റ കർഷകർക്കു പട്ടയങ്ങൾ വിതരണം ചെയ്തതെന്നും അല്ലാതെയുള്ള പട്ടയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതിയിൽ സത്യവാങ്മൂലം നൽകി പട്ടയവിതരണം റദ്ദാക്കിയ ഉത്തരവിൽ നിന്ന് സർക്കാരിന് രക്ഷപെടാമായിരുന്നു. എന്നാൽ ജോയ്സിനെതിരേയടക്കം രേഖകൾ നൽകേണ്ടി വരുമെന്നതിനാൽ ഉത്തരവിൽ പുനപരിശോധനാ ഹർജി നൽകാൻ പോലുമായിട്ടില്ല.
ഇടുക്കിയിൽ പട്ടയവിതരണം പാതിവഴിയിലാണ്. മുപ്പതിനായിരത്തോളം അപേക്ഷകർക്ക് ഇനിയും പട്ടയം നൽകുവാനുണ്ട്. കൂടാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, 10 ചെയിൻ, മൂന്ന് ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായിരേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നൽകാത്ത തോപ്രാംകുടിയടക്കമുള്ള പ്രദേശങ്ങളിലും പട്ടയം നൽകുവാനുണ്ട്.
കൈയേറ്റ ഭൂമിക്ക് പട്ടയം നൽകിയിട്ടില്ലന്നും കൊട്ടക്കാമ്പൂർ, ചിന്നക്കനാൽ, പള്ളിവാസൽ തുടങ്ങിയ ടുറിസം പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ് ഭൂമി കൈയേറ്റവും 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള വ്യാജപട്ടയങ്ങളുമുള്ളതെന്നും ഇവ പരിശോധിച്ച് റദ്ദ് ചെയ്തിട്ടുണ്ടെന്നും പരിശോധന തുടരുമെന്നും കോടതിയെ അറിയിച്ച് കർഷകർക്ക് അനുകൂലമായി ഉത്തരവ് നേടിയെടുക്കുകയാണ് ഇനിയെങ്കിലും സർക്കാർ ചെയ്യേണ്ടത്.


