തിരുവനന്തപുരം: മെയ് 20 മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടക്കില്ല. എഐ കാമറ പദ്ധതിക്കെതിരേ പ്രതിപക്ഷം രംഗത്തുവരികയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്യുന്നതിനിടെ സർക്കാരിന്റെ പിന്നോട്ട് പോക്ക്.
|
എഐ കാമറകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജുഡീഷൽ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. മതിയായ പ്രവര്ത്തന പരിചയമില്ലാത്ത സ്ഥാപനത്തിന് കെല്ട്രോള് എ ഐ കാമറയുടെ ഉപകരാര് നല്കിയതും എഐ കാമറ സ്ഥാപിച്ചതിന് വന് തുക കാണിച്ചതുമൊക്കെയാണ് എതിര്പ്പിനു കാരണം.
കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടുന്നതിലുള്ള ആശയക്കുഴപ്പമാണ് പദ്ധതി വൈകിപ്പിക്കുന്നതിന് മറ്റൊരു കാരണം. ഏപ്രിൽ 20 മുതൽ എഐ കാമറകൾ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചാണ് നേരത്തെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ബോധവൽക്കരണം നടത്താതെ നേരിട്ട് പിഴ ചുമത്തുന്നതിനെതിരേ എതിർപ്പുയർന്നു. ഇതോടെ മെയ് 20 മുതൽ പിഴ ചുമത്താമെന്നും അതുവരെ ബോധവൽക്കരണ നോട്ടിസുകൾ അയയ്ക്കാമെന്നും ധാരണയായി.
എന്നാൽ നിയമലംഘകർക്ക് ബോധവൽക്കരണ നോട്ടിസ് അയയ്ക്കുന്നതിലുണ്ടാവുന്ന ഭാരിച്ച ചെലവ് ആര് വഹിക്കുമെന്നതിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയിലെത്താനായില്ല. നോട്ടിസ് അയയ്ക്കൽ നടക്കാതിരുന്നതോടെ പിഴ ചുമത്തിത്തുടങ്ങുന്ന ദിവസം തീരുമാനിക്കാനും കഴിയാതെ വന്നിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





