15
Jun 2026
Tue
15 Jun 2026 Tue
Govt slashes subsidised LPG cylinder

ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള വിലവര്‍ധനയ്ക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് വീണ്ടും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇരുട്ടടി. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഒമ്പത് സിലിണ്ടറുകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ വര്‍ഷത്തില്‍ നാല് സിലിണ്ടറുകള്‍ മാത്രമേ സബ്സിഡിയോടു കൂടി ലഭിക്കുകയുള്ളൂ. സാധാരണ കുടുംബങ്ങളിലെ ശരാശരി ഗ്യാസ് ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ നടപടിയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 മേയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പതായി കുറച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും നാലിലേക്ക് ചുരുക്കിയിരിക്കുകയാണ്. ഉജ്ജ്വല യോജന ഗുണഭോക്താക്കളുടെ ശരാശരി വാര്‍ഷിക ഉപയോഗം നാല് സിലിണ്ടറാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവേ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ മല്‍ ഖനൂജ വ്യക്തമാക്കി.

വര്‍ദ്ധിച്ചുവരുന്ന വിലയും സബ്സിഡിയും

പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2022 മേയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്കായി 200 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. 2023 ഒക്ടോബറില്‍ ഇത് 300 രൂപയായി വര്‍ദ്ധിപ്പിച്ചു. സിലിണ്ടര്‍ വാങ്ങിയ ശേഷം ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.

പാചകവാതക വില രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി ഡല്‍ഹിയില്‍ മാത്രം എല്‍പിജി സിലിണ്ടറിന് 89 രൂപ വര്‍ദ്ധിച്ചു. ജൂണ്‍ 7-ലെ ഏറ്റവും പുതിയ വിലവര്‍ദ്ധനവോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 942 രൂപയായി ഉയര്‍ന്നു. 300 രൂപ സബ്സിഡി കിഴിച്ചാല്‍ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ നിലവില്‍ 642 രൂപയാണ് നല്‍കേണ്ടത്.

വിലവര്‍ദ്ധനവിന് പിന്നിലെ കാരണം

ഒരു സിലിണ്ടര്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഏകദേശം 1,600 രൂപയോളം ചിലവ് വരുന്നുണ്ടെന്നും, എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഏകദേശം 1,000 രൂപയുടെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഖനൂജ പറഞ്ഞു. ജൂണ്‍ 7-ന് സിലിണ്ടറിന് 29 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇത് ഒരു ദിവസത്തേക്ക് കണക്കാക്കിയാല്‍ വെറും 1 രൂപയുടെ വര്‍ദ്ധനവ് മാത്രമാണെന്നും, അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിദിനം 20 പൈസയുടെ അധിക ബാധ്യത മാത്രമേ ഇത് വരുത്തുകയുള്ളൂവെന്നുമാണ് മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയുടെ വിചിത്ര ന്യായീകരണം.

‘മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുതിച്ചുയര്‍ന്നിട്ടും, ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പാചകവാതകം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.’ യെന്നും അദ്ദേഹം അവകാശപ്പെട്ടു.

സൗദി കോണ്‍ട്രാക്ട് പ്രൈസിനെ (Saudi CP) അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എല്‍പിജി ഇറക്കുമതി ചിലവ് നിശ്ചയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടതോടെ, ഫെബ്രുവരിക്ക് ശേഷം ആഗോള വിപണിയില്‍ എല്‍പിജി വിലയില്‍ 46 ശതമാനത്തോളം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

എണ്ണക്കമ്പനികളുടെ നഷ്ടം

2022 മുതല്‍ എല്‍പിജി സബ്സിഡിക്കായി സര്‍ക്കാര്‍ 52,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും, നിലവിലെ വിലവര്‍ദ്ധനവിന് ശേഷവും വില്‍ക്കുന്ന ഓരോ 14.2 കിലോഗ്രാം സിലിണ്ടറിനും എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം (Under-recovery) വരുന്നുണ്ടെന്ന് ഖനൂജ ചൂണ്ടിക്കാട്ടി.

പെട്രോള്‍, ഡീസല്‍ എന്നിവയും കമ്പനികള്‍ വലിയ നഷ്ടത്തിലാണ് വില്‍ക്കുന്നത്. പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയുമാണ് നിലവിലെ നഷ്ടം. ഇതുവഴി എണ്ണക്കമ്പനികള്‍ക്ക് മൊത്തം 600-700 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും ഇതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നുമാണ് ന്യായീകരണം. കഴിഞ്ഞ മാസം നാല് ഘട്ടങ്ങളിലായി പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 7.50 രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ സിഎന്‍ജി (CNG) വിലയിലും കിലോഗ്രാമിന് 6 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.