13
May 2024
Sat
13 May 2024 Sat
Guruvayoor Ambalanadayil Movie Review

Guruvayoor Ambalanadayil Movie Review Rating: കോടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മലയാള സിനിമാ ലോകം. വമ്പന്‍ താരനിരകളില്ലാതെ തന്നെ 100 കോടി ക്ലബ്ബിലേക്ക് തുടര്‍ച്ചയായി മലയാളി സിനിമകള്‍ കടന്നു കയറുന്നതിനിടയില്‍ മറ്റൊരു ഹിറ്റ് കൂടി പിറക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെയും പേരിലെ കൗതുകം കൊണ്ടും ഇതിനകം ചര്‍ച്ചയായി മാറി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ ആദ്യദിനത്തില്‍ നേടിയത് എട്ട് കോടിയിലധികം രൂപ. കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷന്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 55 ലക്ഷവും വിദേശത്ത് നിന്നും 3.65 കോടിയുമാണ് കളക്ഷനെന്നും അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം കോമഡിക്കും എന്റര്‍ടെയ്ന്‍മെന്റിനും പ്രാധാന്യം നല്‍കിയുളളതാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷന്‍ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍.

മാസ്സ് ആക്ഷന്‍, റോം കോം, മിസ്റ്ററി ത്രില്ലര്‍, സര്‍വൈവല്‍ ത്രില്ലര്‍ എന്നിങ്ങനെ വിവിധ ഴോണറിലുള്ള ചിത്രങ്ങളാണ് അടുത്തുകാലത്തായി മലയാളത്തില്‍ വിജയം നേടികൊണ്ടിരിക്കുന്നത്. ആ കൂട്ടത്തില്‍ ഒരു വിഭാഗം പ്രേക്ഷകരെങ്കിലും മിസ്സ് ചെയ്തത് ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആയിരുന്നു. ആ ദൗത്യം ഭംഗിയായി നിറവേറ്റുകയാണ് ‘ജയ ജയ ജയ ജയഹേ’യ്ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’.

‘ഒരമ്മ പെറ്റ അളിയന്മാരെ പോലെ’ അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹിക്കുന്ന ആനന്ദനും വിനുവും. ആനന്ദന്റെ അനിയത്തിയുമായുള്ള വിനുവിന്റെ വിവാഹത്തിനായി ഇരുവരും തങ്ങളുടെ ജോലി സ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. വിവാഹമേ വേണ്ടെന്നു വച്ചിരുന്ന വിനുവിനെ അതിനായി ഒരുക്കിയെടുത്ത ആനന്ദന്‍ പക്ഷേ ആ വിവാഹം മുടക്കാന്‍ മുന്‍കൈയ്യെടുക്കുന്നു. അതെന്തു കൊണ്ടാണെന്നും പിന്നീട് എന്തു സംഭവിക്കുമെന്നുമാണ് ‘ഗുരുവായൂരമ്പല നടയില്‍’ സിനിമ പറയുന്നത്.

കോമഡിയുടെ അയ്യരുകളി
Guruvayoor Ambalanadayil Prthwiraj movie collection rating

സിറ്റുവേഷണല്‍ കോമഡിയുടെ അയ്യരുകളിയാണ് ചിത്രം നിറയെ. പൊതുവേ അഭിനയത്തില്‍ മസിലുപിടുത്തമുള്ള നടന്‍ എന്നൊരു ചീത്തപ്പേര് പൃഥ്വിയ്ക്കുണ്ട്, അതിനാല്‍ തന്നെ പൃഥ്വിയ്ക്ക് കോമഡി വഴങ്ങുമോ എന്ന രീതിയിലുള്ള ആശങ്കകളും ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ പ്രേക്ഷകര്‍ പങ്കുവച്ചിരുന്നു. എന്നാല്‍, ബേസിലിനൊപ്പത്തിനൊപ്പം നിന്ന് വളരെ രസകരമായും കണ്‍വീന്‍സിംഗായും തന്നെ പൃഥ്വി പെര്‍ഫോം ചെയ്തിട്ടുണ്ട്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, രേഖ, യോഗി ബാബു, കെപി കുഞ്ഞികൃഷ്ണന്‍, ബൈജു സന്തോഷ്, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഈ ഫണ്‍റൈഡില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമൊക്കെ പഴയ പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍ ചിത്രങ്ങളെയാണ് ഓര്‍മ്മിപ്പിച്ചത്. കല്യാണം കൂടാന്‍ എത്തിയത്രയും ആളുകള്‍ തന്നെ കല്യാണം മുടക്കാനുമെത്തിയപ്പോള്‍ ചിരിയുടെ പൂരക്കാഴ്ചയായി മാറുകയായിരുന്നു ക്ലൈമാക്‌സ് രംഗങ്ങള്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. തമിഴ് താരം യോഗി ബാബുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണിത്.

അണിയറ പ്രവര്‍ത്തകര്‍

എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ ജി.