തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയ കാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ നീചമായ കൊലപാതകത്തില്‍ ഇസ്രായേല്‍ ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍.(Haniya’s assassination; Iran will retaliate ) ഹനിയ്യയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ ഉത്തരവാദിത്തമാണെന്ന് പരമോന്നത നേതാവ് അലി ഖാംനഇ. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
ഇസ്രായേലിനും സഖ്യശക്തികള്‍ക്കും ശക്തവും വേദനാജനകവുമായ മറുപടി നല്‍കുമെന്ന്് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പ്രഖ്യാപിച്ചു. ”സയണിസ്റ്റ് ഭീകരര്‍ക്ക് ഒരു അന്താരാഷ്ട്ര നിയമങ്ങളും ബാധകമല്ലെന്നും ഗസയിലെ ഒമ്പതു മാസത്തെ പരാജയം മറക്കാന്‍ ഏത് കുറ്റകൃത്യവും ചെയ്യുമെന്നുമാണ് ഹനിയ്യക്കെതിരായ ആക്രമണം കാണിക്കുന്നത്”- ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ പ്രദേശിക സമയം രണ്ട് മണിയോടെയാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്മാഈല്‍ ഹനിയ്യ താമസിച്ച വീടിനു നേരെ വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ ഹനിയ്യയും ഒരു സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടു. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.
അമേരിക്കയുടെ സഹായം
അമേരിക്കയുടെ ഇന്റലിജന്‍സ് സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് സൂചനകളില്‍ നിന്ന് വ്യക്തമാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇത്ര കൃത്യമായ ആക്രമണം നടത്തണമെങ്കില്‍ അതിനേക്കാള്‍ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ വേണം. ഇതിന് അമേരിക്കയുടെ സഹായം സ്വീകരിച്ചിരിക്കാനാണ് സാധ്യത. മൊസാദിന്റെയും ഇറാന്‍ വിമതരുടെയും സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കിയിരിക്കുകയെന്നും അല്‍ജസീറ ഡിഫന്‍സ് എഡിറ്റര്‍ അലക്‌സ് ഗാറ്റോപോലസ് വ്യക്തമാക്കി.
View this post on Instagram
ഇറാനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം
ഹനിയ്യയുടെ കൊലപാതകത്തില്‍ അനുശോചിച്ച് ഇറാനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ഹനിയ്യയുടെ കൊലപാതകം മേഘലയെ ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഫലസ്തീന്‍ നാഷനല്‍ ഇനീഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂത്തി ആശങ്ക പ്രകടിപ്പിച്ചു. ”ഇസ്രായേല്‍ എല്ലാ അര്‍ത്ഥത്തിലും ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. മേഘലയെ യുദ്ധത്തിലേക്ക് നയിക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം. ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധത്തിലേക്കെത്തിക്കുകയാണ് നെതന്യാഹു ലക്ഷ്യമിടുന്നത്”-ബര്‍ഗൂത്തി പറഞ്ഞു.
വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്ന് ഇറാന്‍
ഇസ്ാമാഈല്‍ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പഠിച്ചുവരികയാണെന്ന് ലബ്‌നാനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനി. കഴിഞ്ഞ ദിവസം ബെയ്‌റൂത്തില്‍ നടന്ന ആക്രമണം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപലപിച്ച് ലോക രാജ്യങ്ങള്‍
ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തെ ചൈന, മേലഷ്യ, ഖത്തര്‍, റഷ്യ, തുര്‍ക്കി, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു. ഇത് തികച്ചും അസ്വീകാര്യമായ കൊലപാതകമാണെന്നും സംഘര്‍ഷം രൂക്ഷമാക്കാനാണ് ഇത് വഴിവയ്ക്കുകയെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി മിഖായേല്‍ ബൊഗോദനാവ് പ്രതികരിച്ചു. സംഭവത്തെ അപലപിക്കുന്നതായി ചൈനയും അറിയിച്ചു.
ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഹിസ്ബുല്ല, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹൂത്തി നേതാവ് മുഹമ്മദ് അല്‍ അലി ഹൂത്തി തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.
ലോകം കൂടുതല്‍ സുന്ദരമായെന്ന് ഇസ്രായേല്‍
ലോകത്തെ മാലിന്യത്തില്‍ നിന്ന് മുക്തമാക്കാനുള്ള വ്യക്തമായ വഴി ഇതാണെന്ന് ഇസ്രായേല്‍ പൈതൃക മന്ത്രി അമിചായി എലിയാഹു പ്രതികരിച്ചു.”സാങ്കല്‍പ്പിക സമാധാന കരാറോ ദയയോ ഇനിയില്ല. ഉരുക്കു മുഷ്ടിയിലൂടെ മാത്രമേ സമാധാനം കൈവരിക്കാനാവൂ. ഹനിയ്യയുടെ മരണം ലോകത്തെ കൂടുതല്‍ സുന്ദരമാക്കും”- അമിചായി എലിയാഹു പ്രസ്താവിച്ചു.
Iran’s president vows to make Israel ‘regret cowardly action’, as Supreme Leader Khamenei says avenging Haniyeh’s killing is Tehran’s duty


